ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ ജോവോ മരിന്യോ നെറ്റോ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍

ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ ജോവോ മരിന്യോ നെറ്റോ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍


ബ്രസീല്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനാണ് ജോവോ മരിന്യോ നെറ്റോ. ഒക്ടോബര്‍ 5-ന് അദ്ദേഹം തന്റെ 113-ാം ജന്മദിനം ആഘോഷിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. ജന്മദിനാഘോഷങ്ങളില്‍ നിന്നുള്ള മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളേയും കാണാം.

1912-ല്‍ മാരാന്‍ഗ്വാപെയിലാണ് ബ്രസീലിയന്‍ സ്വദേശിയായ നെറ്റോ ജനിച്ചത്. ആ വര്‍ഷം ജനിച്ചവരില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനും അദ്ദേഹമാണ്. നെറ്റോയ്ക്ക് ലോക റെക്കോര്‍ഡ് സമ്മാനിക്കുമ്പോള്‍ അദ്ദേഹത്തിന് 112 വര്‍ഷവും 52 ദിവസവുമായിരുന്നു പ്രായം.

ഒരു കര്‍ഷക കുടുംബത്തിലാണ് നെറ്റോ ജനിച്ചത്. നാലാമത്തെ വയസില്‍ അദ്ദേഹം അച്ഛനോടൊപ്പം ജോലി ചെയ്ത് തുടങ്ങിയത്രെ. ജോസെഫ അല്‍ബാനോ ഡോസ് സാന്റോസ് എന്ന സ്ത്രീയെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. അന്റോണിയോ, ജോസ്, ഫാത്തിമ, വാന്‍ഡ എന്നീ നാല് മക്കളാണ് ആ ബന്ധത്തില്‍ ഉള്ളത്. ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം നെറ്റോ അന്റോണിയ റോഡ്രിഗസ് മൗറ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. വിനീഷ്യസ്, ജാര്‍ബാസ്, കോണ്‍സീഷാവോ എന്നീ മൂന്ന് മക്കളാണ് ഈ ബന്ധത്തില്‍ ഉള്ളത്. നെറ്റോയുടെ ആറ് മക്കളാണ് ഇപ്പോഴും ജീവിച്ചിരിപ്പുള്ളത്. അദ്ദേഹത്തിന് 22 കൊച്ചുമക്കളും അവരുടെ മക്കളായി 15 പേരും അവരുടെ മക്കളായി മൂന്നുപേരുമുണ്ട്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് പിറന്നാള്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അദ്ദേഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.