മാസങ്ങള്‍ക്ക് ശേഷം പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് കേറ്റ്

മാസങ്ങള്‍ക്ക് ശേഷം പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് കേറ്റ്


ലണ്ടന്‍: ചാള്‍സ് രാജാവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മിലിറ്ററി പരേഡ് വീക്ഷിക്കാന്‍ കുടുംബത്തോടൊപ്പമെത്തി കേറ്റ് മിഡില്‍റ്റണ്‍. അര്‍ബുദ രോഗം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് കേറ്റ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ബ്രിട്ടിഷ് രാജകുമാരന്‍ വില്യമിന്റെ പത്‌നിയാണ് കേറ്റ് മിഡില്‍റ്റണ്‍. 

വെളുപ്പും കറുപ്പും ഇഴ ചേര്‍ന്ന ഗൗണും തൊപ്പിയും ധരിച്ചെത്തിയ കേറ്റിനെ കാണാന്‍ നിരവധി പേരാണ് എത്തിയത്. രാജാവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുമെന്ന് കേറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അസുഖം ഭേദപ്പെട്ടു വരുകയാണെന്നും കീമോതെറാപ്പി ദിനങ്ങളില്‍ നല്ലതും ചീത്തയുമുണ്ടെന്നും കുറച്ചു മാസങ്ങള്‍ കൂടി ചികിത്സ തുടരേണ്ടി വരുമെന്നും കേറ്റ് വെളിപ്പെടുത്തി. 

കഴിഞ്ഞ മാര്‍ച്ചിലാണ് കേറ്റ് അര്‍ബുദബാധിതയാണെന്ന് സ്ഥിരീകരിച്ചത്. അതിനു ശേഷം പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. ചാള്‍സ് രാജാവും അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലാണ്.

മക്കളായ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയീസ് എന്നിവര്‍ക്കൊപ്പം കുതിരവണ്ടിയിലാണ് കേറ്റ് ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ടത്. ബക്കിങ് ഹാം കൊട്ടാരത്തിലെ മട്ടുപ്പാവില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം കേറ്റും ചേര്‍ന്നു.

ചാള്‍സ് രാജാവിന്റെ പിറന്നാള്‍ നവംബറിലാണെങ്കിലും കാലാവസ്ഥ അനുകൂലമായതിനാല്‍ ജൂണ്‍ ഔദ്യോഗിക ജന്മദിനമായി തെരഞ്ഞെടുക്കുകയായിരുന്നു.

kate,