കൊല്ലം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വളര്‍ത്തു നായയെ കൊണ്ടു കടിപ്പിച്ച പ്രതി പിടിയില്‍. കുണ്ടറയില്‍ പടപ്പക്കക സ്വദേശി ജിജേഷ് ആണ് പിടിയിലായത്. സമീപവാസിയെ മര്‍ദിച്ചെന്ന കേസില്‍ പ്രതിയായ ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ സബ് ഇന്‍സ്പെക്ടര്‍ സച്ചിന് ലാലും സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്തും.
എന്നാല്‍ മദ്യ ലഹരിയിലായിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിച്ചു. കയ്യാങ്കളിക്കിടെ നിലത്തുവീണ പ്രതി എസ്ഐയുടെ കാലില്‍ കടിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വളര്‍ത്തു നായയെ അഴിച്ചു വിട്ട് കൊണ്ട് ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ സിവില്‍ പൊലീസ് ഓഫീസറുടെ കാലിന് പരിക്കുണ്ട്.
വിവരം അറിഞ്ഞ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി സാഹസികമായാണ് ജിജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. 12ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മൃഗത്തെ കൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജിജേഷിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വളര്‍ത്തു നായയെ കൊണ്ടു കടിപ്പിച്ച പ്രതി പിടിയില്‍
