മാഞ്ചസ്റ്റര്‍ ആക്രമണം; സിനഗോഗുകളില്‍ പൊലീസിനെ വിന്യസിച്ചു

മാഞ്ചസ്റ്റര്‍ ആക്രമണം; സിനഗോഗുകളില്‍ പൊലീസിനെ വിന്യസിച്ചു


ലണ്ടന്‍: ജൂത സമൂഹത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് യോം കിപ്പൂരില്‍ മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പറഞ്ഞു. 

തലസ്ഥാനത്തിന് ഭീഷണി വര്‍ധിക്കുന്നതിന്റെ സൂചനയൊന്നുമില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് വ്യാഴാഴ്ച പറഞ്ഞു. ലണ്ടന് ഭീഷണി വര്‍ദ്ധിക്കുമെന്ന് സൂചിപ്പിക്കുന്നതായി ഒന്നുമില്ലെങ്കിലും സിനഗോഗുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും മറ്റ് ജൂത സമൂഹ വേദികളിലും ഗണ്യമായ ജൂത ജനസംഖ്യയുള്ള പ്രദേശങ്ങളിലും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടൈന്ന് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. 

ആക്രമണത്തിന് ശേഷം യു കെയുടെ തീവ്രവാദ ഭീഷണി നില അവലോകനം ചെയ്യുകയാണ്. 

പ്രതി ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചോ ആരെങ്കിലും നിര്‍ദ്ദേശിച്ചതാണോ ആക്രമണകാരിയെ എങ്ങനെ തീവ്രവാദിയാക്കി തുടങ്ങി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ക്കായി ജോയിന്റ് ടെററിസം അനാലിസിസ് സെന്റര്‍ പരിശോധിക്കുകയാണെന്ന് ഒരു സ്രോതസ്സ് പറഞ്ഞു.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സംഭവത്തെ യു കെയിലെ ഇസ്രായേല്‍ എംബസി അപലപിച്ചു. 'വെറുപ്പുളവാക്കുന്നതും വളരെയധികം അസ്വസ്ഥമാക്കുന്നതും' എന്നാണ് വിശേഷിപ്പിച്ചത്. 

ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനത്തില്‍ പ്രാര്‍ഥനയുടെ സ്ഥലത്ത് ഇത്തരമൊരു അക്രമം അരങ്ങേറിയത് വെറുപ്പുളവാക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിന്റെ വേഗത്തിലുള്ള പ്രതികരണത്തിന് നന്ദി പറയുന്നതായും യു കെയിലെ ജൂത സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പുതിയ ഇസ്ലാമോഫോബിയ മോണിറ്ററിംഗ് പങ്കാളിയായ ബ്രിട്ടീഷ് മുസ്ലീം ട്രസ്റ്റും മാഞ്ചസ്റ്റര്‍ ആക്രമണത്തെ അങ്ങേയറ്റം വെറുപ്പുളവാക്കുന്നത് എന്ന് അപലപിക്കുകയും ജൂത സമൂഹത്തോടൊപ്പം നില്‍ക്കുന്നതായും അറിയിച്ചു. മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം വെറുപ്പുളവാക്കുന്നതുമാണ്. യോം കിപ്പൂരില്‍ ഈ പ്രവൃത്തികള്‍ ചെയ്യുന്നത് വേദനാജനകമാണ് എന്ന് ട്രസ്റ്റ് സി ഇ ഒ അകീല അഹമ്മദ് പറഞ്ഞു. ജീവഹാനിയില്‍ തങ്ങള്‍ അഗാധമായി ദുഃഖിതരാണെന്നും ബാധിതരായ എല്ലാവരോടും സഹതാപം അറിയിക്കുന്നതായും  ഇത്തരത്തിലുള്ള നിന്ദ്യവും ഭീരുത്വപരവുമായ അക്രമത്തിന് സമൂഹത്തില്‍ ഒരിക്കലും സ്ഥാനമില്ലെന്നും പറഞ്ഞു. 

മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തിലെ അംഗങ്ങള്‍ക്ക് നേരെ അവരുടെ ഏറ്റവും പുണ്യദിനത്തില്‍ ഞെട്ടിപ്പിക്കുന്നതും നിന്ദ്യവുമായ ആക്രമണത്തില്‍ എല്ലാവരും ഭയന്നിരിക്കുന്നുവെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ കൗണ്‍സിലര്‍ ബെവ് ക്രെയ്ഗ് പറഞ്ഞു.

കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തവരോടും അവരുടെ പ്രിയപ്പെട്ടവരോടും ഭയാനകമായ സംഭവത്തില്‍ ബാധിച്ച എല്ലാവരോടും തങ്ങളുടെ ചിന്തകള്‍ പങ്കുചേരുന്നുവെന്നും ക്രെയ്ഗ് കൂട്ടിച്ചേര്‍ത്തു.