ഗാസയില്‍ വെടിനിര്‍ത്തലും ബന്ദിമോചനവും: ബൈഡനും ട്രംപിനും നന്ദി പറഞ്ഞ് നെതന്യാഹു

ഗാസയില്‍ വെടിനിര്‍ത്തലും ബന്ദിമോചനവും: ബൈഡനും ട്രംപിനും നന്ദി പറഞ്ഞ് നെതന്യാഹു


ടെല്‍ അവീവ് : ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതിന് പിന്നാലെ  നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും പ്രസിഡന്റ് ജോ ബൈഡനുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചര്‍ച്ചയ്ക്കിടെ ബന്ദികളെ മോചിപ്പിക്കാന്‍ സഹായിച്ചതിന് നെതന്യാഹു ഇരുവരോടും നന്ദി പറഞ്ഞു. മാത്രമല്ല തങ്ങളുടെ എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗാസ തീവ്രവാദത്തിന്റെ ഒരു പറുദീസയായി മാറുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കിയതിന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അദ്ദേഹം പ്രശംസിച്ചു. പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അവ പരിഹരിക്കുന്നതിനും ഉടന്‍ തന്നെ വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്താന്‍ ഇരുനേതാക്കളും തീരുമാനിച്ചു.

'നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി താന്‍ സംസാരിച്ചു, ബന്ദികളുടെ മോചനം സാധ്യമാക്കിയതിനും അവരുടെ കുടുംബത്തിന്റെ ദുരിതം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ സഹായിച്ചതിനും അദ്ദേഹത്തിനോട് നന്ദി പറഞ്ഞു' -പ്രധാനമന്ത്രി നെതന്യാഹു എക്സില്‍ കുറിച്ചു.

എല്ലാ ബന്ദികളെയും കഴിയുന്നത്രയും വേഗത്തില്‍ തിരിച്ച് രാജ്യത്തെത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗാസ ഒരിക്കലും തീവ്രവാദത്തിന്റെ ഒരു പറുദീസയാകില്ലെന്ന് ഉറപ്പാക്കാന്‍ യുഎസ് ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയെ അദ്ദേഹം പ്രശംസിച്ചു. ഇതും മറ്റ് പ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇരുവരും വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു, എന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ബന്ദിയാക്കല്‍ കരാര്‍ ഇല്ലാതെയാക്കാനും ബന്ദികളെ വിട്ട് കിട്ടാനും പ്രസിഡന്റ് ബൈഡന്‍ നല്‍കിയ സഹായത്തിന് നെതന്യാഹു നന്ദി പറഞ്ഞു. 'യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിക്കുകയും ബന്ദിയാക്കല്‍ കരാര്‍ ഇല്ലാതെയാക്കാനും ബന്ദികളെ വിട്ട് കിട്ടാനും അദ്ദേഹം ചെയ്തു തന്ന സഹായങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു' എന്നും നെതന്യാഹു എക്സില്‍ കുറിച്ചു.

ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്നെ വലിയ മാറ്റത്തിനാണ് താന്‍ സാക്ഷ്യം വഹിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടം പൂര്‍ണമായും അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വളരെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചത്. തന്റെ ഭരണകൂടം സമാധാനം തേടുകയും എല്ലാ അമേരിക്കക്കാരുടെയും സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കരാറുകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്ന് ഇതിലൂടെ ലോകത്തെ താന്‍ അറിയിക്കുകയാണ്. മാത്രമല്ല ബന്ദികള്‍ അവരുടെ കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും വീണ്ടും ഒന്നിക്കാന്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' എന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം കുറിച്ചു.


വൈറ്റ് ഹൗസില്‍ പോലും ഇല്ലാതിരുന്നിട്ടും നമ്മള്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചു. തന്റെ ഭരണകൂടത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സില്‍ കൂടുതല്‍ വിജയങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലോകത്ത് സമാധാനമാണ് ആവശ്യമെന്നും അതിനെ മാത്രമാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ, ഗാസ ഇനി ഒരിക്കലും തീവ്രവാദികളുടെ സുരക്ഷിത താവളമാകാതിരിക്കാന്‍ ഡോണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ശ്രമിക്കുമെന്നും ദേശീയ സുരക്ഷ സംഘം ഇസ്രയേലുമായും സഖ്യകക്ഷികളുമായും അടുത്ത് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ട്രംപ് അറിയിച്ചു.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ കരാര്‍ സംബന്ധിച്ച വിജയകരമായ ചര്‍ച്ചകള്‍ വിജയം കണ്ടുവെന്ന് ബുധനാഴ്ച (ജനുവരി 15) ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ച ഈ കരാറില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ആദ്യ ഘട്ടത്തില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

'ഈ കരാറിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. പതിറ്റാണ്ടുകളായി ഞാന്‍ വിദേശനയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവരെ ഞാന്‍ അനുഭവിച്ചതില്‍ വച്ച് ഏറ്റവും കഠിനമായ ചര്‍ച്ചകളില്‍ ഒന്നാണിത്. അമേരിക്കയുടെ പിന്തുണയോടെ ഹമാസിനുമേല്‍ ഇസ്രയേല്‍ ചെലുത്തിയ സമ്മര്‍ദം മൂലമാണ് നമ്മള്‍ ഈ ഘട്ടത്തിലെത്തിയത്' എന്ന് ബൈഡന്‍ പറഞ്ഞിരുന്നു.