ടെഹ്‌റാന്‍: നൊബേല്‍ സമാധാന സമ്മാന ജേത്രി നര്‍ഗിസ് മുഹമ്മദിക്ക് ഇറാനിലെ ഒരു കോടതി ആറുവര്‍ഷം തടവുശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനായി ഒത്തുചേരലും ഗൂഢാലോചനയും നടത്തിയെന്ന കേസിലാണ് ശിക്ഷ. രാജ്യത്തുനിന്ന് പുറത്തു പോകുന്നതിന് രണ്ടുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ മുഹമ്മദിക്ക് ഒന്നരവര്‍ഷം തടവുശിക്ഷയും ലഭിച്ചതായി അവരുടെ അഭിഭാഷകന്‍ അറിയിച്ചു. കൂടാതെ, കിഴക്കന്‍ സൗത്ത് ഖൊറാസാന്‍ പ്രവിശ്യയിലെ ഖോസ്ഫ് നഗരത്തിലേക്ക് രണ്ടുവര്‍ഷത്തെ നാടുകടത്തല്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്.
ജീവന്‍ അപകടത്തിലാക്കുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മുഹമ്മദിക്ക് തുടരുന്ന സാഹചര്യത്തില്‍, ചികിത്സയ്ക്കായി താത്ക്കാലിക ജാമ്യം അനുവദിക്കുമെന്ന് അഭിഭാഷകന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഗുരുതരമായ ആരോഗ്യസ്ഥിതി നിലനില്‍ക്കുന്നതിനിടയിലും ജയിലില്‍ ആവശ്യമായ ചികിത്സയും കുടുംബവുമായി ഫോണ്‍ വിളിക്കുള്ള അനുവാദവും നിഷേധിക്കുന്നതിനെതിരെ ഫെബ്രുവരി രണ്ടിന് മുഹമ്മദി നിരാഹാര സമരം ആരംഭിച്ചിരുന്നു. ഈ സമരം ജീവന് ഭീഷണിയാകാമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. അവരുടെ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ പ്രതിദിനം കുറഞ്ഞത് 15 വ്യത്യസ്ത മരുന്നുകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നര്‍ഗിസ് മുഹമ്മ്ദി നിരവധി തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിന്റെ വലിയൊരു ഭാഗം അവര്‍ ജയിലിലാണ് കഴിഞ്ഞത്.
ഇറാനില്‍ സ്ത്രീകളുടെ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിച്ചതിനുമാണ് നര്‍ഗിസ് മുഹമ്മദിക്ക് 2023ലെ നൊബേല്‍ സമാധാന സമ്മാനം ലഭിച്ചത്. 'വുമണ്‍, ലൈഫ്, ഫ്രീഡം' പ്രസ്ഥാനത്തിലെ നേതൃത്വവും മരണശിക്ഷയ്ക്കെതിരായ പ്രചാരണവും അവരെ ഈ അംഗീകാരത്തിന് അര്‍ഹയാക്കിയതായി നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
