അപകടത്തില്‍പെട്ട ടാങ്കര്‍ലോറിയില്‍ നിന്ന് എണ്ണ ഊറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം; 140 പേര്‍ മരിച്ചു

അപകടത്തില്‍പെട്ട ടാങ്കര്‍ലോറിയില്‍ നിന്ന് എണ്ണ ഊറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനം; 140 പേര്‍ മരിച്ചു


അബുജ: നിറയെ ഇന്ധനവുമായി പോയ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടതിന് പിന്നാലെ എണ്ണ തട്ടിയെടുക്കാന്‍ ശ്രമിച്ച് ജനക്കൂട്ടം. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 140 പേര്‍ മരിച്ചു. നൈജീരിയയിലാണ് ദാരുണമായ സംഭവമുണ്ടായത്. നൈജീരിയയിലെ ജിഗാവാ സംസ്ഥാനത്ത് അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവിടെ ഒരു സര്‍വകലാശാലയ്ക്കടുത്തുവച്ച് യാത്രക്കിടെ ടാങ്കര്‍ ലോറി അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ലോറി തലകീഴായി മറിഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ ലോറിയില്‍ നിന്നും ഇന്ധനം മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് 140 പേര്‍ തല്‍ക്ഷണം മരിച്ചത്. കഴിഞ്ഞ മാസവും നൈജീരിയയില്‍ സമാനമായൊരു ടാങ്കര്‍ ലോറിയപകടം നടന്നിരുന്നു. ടാങ്കര്‍ ലോറി മറ്റൊരു ലോറിയില്‍ ഇടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. 48 പേരാണ് അന്ന് ഉടനടി മരിച്ചത്. ടാങ്കര്‍ ലോറിയില്‍ കന്നുകാലികളെയും കൊണ്ടുപോയിരുന്നു. അപകടത്തിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ ഇക്കൂട്ടത്തിലെ അന്‍പതോളം കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ചരക്കുനീക്കത്തിന് റെയില്‍ ഗതാഗതമില്ലാത്ത പ്രശ്നം നേരിടുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഏറ്റവുമധികം ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യമാണിത്. 2020ല്‍ മാത്രം 1531 ഇന്ധന ടാങ്കര്‍ അപകടങ്ങളുണ്ടായി. 535 പേര്‍ മരിച്ചു. 1142 പേര്‍ക്ക് പരിക്കേറ്റു. അപകടങ്ങള്‍ക്ക് പുറമേ ബൊക്കാഹറാം ഭീകരരുടെ ആക്രമണം മൂലവും നിരവധിപേര്‍ നൈജീരിയയില്‍ കൊല്ലപ്പെടാറുണ്ട്.