ടൊറോന്റോ: യുഎസില്‍ വ്യാപകമായ വിവാദങ്ങള്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രകോപനത്തിനും കാരണമായതിനെ തുടര്‍ന്ന്, ഒന്റാറിയോ പ്രവിശ്യയുടെ താരിഫ് വിരുദ്ധ പരസ്യപ്രചാരണം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചു.
ഡഗ് ഫോര്‍ഡ് വെള്ളിയാഴ്ച കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന് ശേഷമാണ് തീരുമാനം. 'തിങ്കളാഴ്ച മുതല്‍ പരസ്യം നിര്‍ത്തും, അതുവരെ അത് യുഎസ് ടിവി ചാനലുകളില്‍ ഉള്‍പ്പെടെ ബേസ്ബോള്‍ വേള്‍ഡ് സീരീസ് മത്സരങ്ങളിലൂടെയും പ്രദര്‍ശിപ്പിക്കും,' എന്നും അദ്ദേഹം അറിയിച്ചു.
പരസ്യത്തില്‍ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള 'വ്യാപാരചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന്
പ്രഖ്യാപിച്ചിരുന്നു.
പരസ്യത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ ശക്തമായ പ്രതികരണമാണ് നടത്തിയത്. പരസ്യത്തിലെ ഉള്ളടക്കം 'വ്യാജവും അങ്ങേയറ്റം നിന്ദ്യമായതും' എന്നും വിശേഷിപ്പിച്ച ട്രംപ്, 'വ്യാപാരചര്‍ച്ചകള്‍ ഇതോടെ അവസാനിക്കുന്നു' എന്നാണ് പ്രഖ്യാപിച്ചത്.
യുഎസ് മുന്‍ പ്രസിഡന്റ് റോണാള്‍ഡ് റീഗന്റെ 1987ലെ റേഡിയോ പ്രസംഗത്തിലെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് പരസ്യം തയ്യാറാക്കിയിരുന്നത്. താരിഫുകള്‍ 'ഓരോ അമേരിക്കക്കാരനെയും ബാധിക്കുന്നതാണ്' എന്ന് പ്രസംഗത്തില്‍ റീഗന് പറഞ്ഞിരുന്നു.
എന്നാല്‍ 'തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച് പ്രസംഗത്തെ തെറ്റായി പരസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണെന്ന് റോണാള്‍ഡ് റീഗന് ഫൗണ്ടേഷന് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. അനുമതിയില്ലാതെയാണ് റീഗന്റെ ശബ്ദവും ദൃശ്യങ്ങളും ഉപയോഗിച്ചതെന്നും അവര്‍ ആരോപിച്ചു.
'ഈ പരസ്യത്തിന്റെ ഉദ്ദേശം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ദിശയെക്കുറിച്ചുള്ള ഒരു സംവാദം തുടങ്ങുക എന്നതായിരുന്നുവെന്ന് വിവാദത്തിനു പിന്നാലെ പ്രതികരിച്ച ഫോര്‍ഡ് പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായി പരസ്യത്തിലൂടെ അമേരിക്കന്‍ ജനങ്ങളിലേക്കും നേതാക്കളിലേക്കും ഞങ്ങളുടെ സന്ദേശം എത്തിച്ചേര്‍ന്നു.'
എന്നാല്‍ ട്രംപിന്റെ ശക്തമായ പ്രതികരണത്തെ തുടര്‍ന്ന്, കാനഡയില്‍ തന്നെ ഫോര്‍ഡിന്റെ രീതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
'ട്രംപിന്റെ പ്രതികരണം നാടകീയമായതും അളവുമാറ്റമുള്ളതുമാണ്. പക്ഷേ ഫോര്‍ഡിന്റെ പരസ്യം അനാവശ്യമായ രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിച്ചു, കാനഡയുടെ നിലപാടിന് അത് ഗുണം ചെയ്തില്ല.' മുന്‍ ഉദ്യോഗസ്ഥനും ഐവി ബിസിനസ് സ്കൂളിലെ ഫെലോയും ആയ മഹ്മൂദ് നഞ്ജി പറഞ്ഞു.
കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 35 ശതമാനം താരിഫ് ആണ് ചുമത്തിയിട്ടുള്ളത്. അതില്‍ മെറ്റല്‍ മേഖലയില്‍ 50% വുംഓട്ടോമൊബൈല് മേഖലയിലെ 25% വും ഉള്‍പ്പെടുന്നു. ഈ രണ്ട് താരിഫുകളും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് ഒന്റാറിയോയിലെ വാഹനനിര്‍മാണ വ്യവസായത്തെയാണ്.
താരിഫ് ഇളവ് നേടാന്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാസങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കാനഡയുടെ കയറ്റുമതിയുടെ ഭൂരിഭാഗവും അമേരിക്കയിലേക്കാണ്, അതിനാല്‍ യുഎസ് ബന്ധം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് നിര്‍ണായകമാണ്.
കാര്‍ണി സൗഹൃദരീതിയിലുള്ള മുഖാമുഖ ചര്‍ച്ചകളും സന്ദേശങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ഫോര്‍ഡ് കടുത്ത നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് യുഎസ് മദ്യം ഒന്റാറിയോയില്‍ നിന്ന് പിന്‍വലിക്കുകയും, ഊര്‍ജ്ജ കയറ്റുമതി നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
'ഞങ്ങള്‍ ഇനി മിണ്ടാതിരിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ തിരിച്ചടിക്കും-എന്ന് കഴിഞ്ഞ ആഴ്ച ഫോര്‍ഡ് പറഞ്ഞിരുന്നു.
വൈകാതെ തന്നെ അദ്ദേഹം താരിഫ് വിരുദ്ധ പരസ്യപ്രചാരണം ആരംഭിച്ചു, അത് തന്നെയാണ് ഇപ്പോള്‍ വിവാദമായി പൊട്ടിത്തെറിച്ചത്.
വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കുമോ?
ഫോര്‍ഡ് പരസ്യം നിര്‍ത്തുന്നതോടെ വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല.
വൈറ്റ് ഹൗസ്, 'കാനഡയുടെ അന്യായമായ വ്യാപാരതടസ്സങ്ങള്‍' പരിഹരിക്കാന്‍ ശ്രമിച്ചിട്ടും പുരോഗതി ഇല്ലാത്തതില്് അസന്തുഷ്ടി പ്രകടിപ്പിച്ചു.
കാര്‍ണി മറുവശത്ത് പ്രതികാര താരിഫുകള്‍ നീക്കുകയും ഡിജിറ്റല്‍ സേവന നികുതി പിന്‍വലിക്കുകയും ചെയ്തു. തന്റെ ഇളവുകളിലൂടെ 'കാനഡയ്ക്ക് ഏറ്റവും നല്ല കരാര്‍ നേടുകയാണ് ലക്ഷ്യം, എന്ന് അദ്ദേഹം വ്യക്തമാക്കി.
ഒപ്പം തന്നെ 'അമേരിക്കയെ മാത്രമായി ആശ്രയിക്കാനാവില്ലെന്ന് കാര്‍ണി ആസിയാന്‍ ഉച്ചകോടിയില്‍ പറയുകയും ചെയ്തു.
'അമേരിക്കയുടെ വ്യാപാരനയം അടിസ്ഥാനപരമായി മാറിയിരിക്കുകയാണ്. കാനഡ ഇനി ഒരൊറ്റ വിദേശപങ്കാളിയിലേയ്ക്ക് മാത്രമായി ആശ്രയിക്കാന്‍ പാടില്ല.- കഴിഞ്ഞ ബുധനാഴ്ച പ്രസംഗിക്കുമ്പോള്‍ കാര്‍ണി പറഞ്ഞു.
കാനഡയുടെയും അമേരിക്കയുടെയും ബന്ധം വളരെ കടുപ്പമേറിയ പാതയിലേക്കാണ് നീങ്ങുന്നത് എന്ന മുന്നറിയിപ്പാണിതെന്ന് നഞ്ജി ചൂണ്ടിക്കാട്ടി.
ട്രംപിനെ പ്രകോപിപ്പിച്ച താരിഫ് വിരുദ്ധ പരസ്യം നിര്‍ത്തുകയാണെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്
