ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ (BRI) പങ്കാളിത്തം പുതുക്കേണ്ടതില്ലെന്ന് പനാമ തീരുമാനിച്ചു. ബിെആര്‍ഐ പരിപാടിയില്‍ നിന്ന് പുറത്തുപോകുന്ന ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി ഇതോടെ പനാമ മാറി.
നേരത്തെയുള്ള പിരിഞ്ഞുപോക്ക് സാധ്യമാണോ എന്ന് തന്റെ ഭരണകൂടം വിലയിരുത്തുമെന്ന് പനാമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ പറഞ്ഞു. പനാമ കനാല്‍ മേഖലയിലെ ചൈനീസ് സ്വാധീനത്തെക്കുറിച്ച് വാഷിംഗ്ടണിനുള്ള ആശങ്കകള്‍ അറിയിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള നീക്കം പനാമ പ്രഖ്യാപിച്ചത്.
മുന്‍ ഭരണകൂടങ്ങളുടെ കാലത്ത് ഏഷ്യന്‍ രാജ്യമായ ചൈന പനാമയില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭവുമായി ബന്ധപ്പെട്ട് പനാമയും ചൈനയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. ഈ കരാര്‍ പുതുക്കുന്നില്ലെന്ന് മുലിനോയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ഒന്നോ രണ്ട് വര്‍ഷത്തിനുള്ളിലാണ് കരാര്‍ പുതുക്കാനുള്ള തീരുമാനിക്കപ്പെട്ട സമയം. അത് നേരത്തെ അവസാനിപ്പിക്കാനുള്ള സാധ്യത തന്റെ സര്‍ക്കാര്‍ വിലയിരുത്തുമെന്നും മുലിനോ പറഞ്ഞു. മുന്‍ ഭരണകൂടത്തിന്റെ കീഴില്‍ 2017 ല്‍ ആണ് പനാമ ഈ സംരംഭത്തില്‍ ചേര്‍ന്നത്.
അമേരിക്ക ആരോപിക്കുന്നതുപോലെ 'കരാറിലെ നിഷ്പക്ഷത, അതിന്റെ സാധുത, കരാര്‍ ഉണ്ടാക്കാന്‍ സൈനിക ശക്തി ഉപയോഗിക്കല്‍ എന്നിവ സംബന്ധിച്ച് ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്ന് മുലിനോ പറഞ്ഞു. എന്തായാലും ട്രംപുമായി മുഖാമുഖ ചര്‍ച്ചകള്‍ നടത്തേണ്ടത് പ്രധാനമാണെന്ന് മുലിനോ പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിലൂടെ ബീജിംഗിന് ആഗോള സാമ്പത്തിക സ്വാധീനം വ്യാപിപ്പിക്കുന്ന ഒരു പ്രധാന സംവിധാനമായി 2013 ല്‍ ചൈന ആരംഭിച്ച ബിആര്‍ഐ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ മുന്‍ പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വരേലയുടെ ഭരണകാലത്താണ് അടിസ്ഥാന സൗകര്യങ്ങളില്‍ ഉയര്‍ന്ന ചൈനീസ് നിക്ഷേപം ഉറപ്പാക്കി പനാമ ഈ സംരംഭത്തില്‍ ചേര്‍ന്നത്.
.
ചൈനീസ് സ്വാധീനത്തെക്കുറിച്ചുള്ള യുഎസ് സമ്മര്‍ദ്ദവും ആശങ്കകളും
മേഖലയില്‍, പ്രത്യേകിച്ച് പനാമ കനാലിനടുത്ത്, ചൈനയുടെ സാന്നിധ്യക്കുറിച്ചുള്ള യുഎസിന്റെ ആശങ്കകള്‍ക്കിടയിലാണ് ഈ തീരുമാനം. 'പനാമ കനാല്‍ പ്രദേശത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫലപ്രദവും വളരുന്നതുമായ നിയന്ത്രണം തുടരുന്നത് കണ്ടുനില്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അത് അനുവദിക്കുകയുയില്ലെന്നും മുലിനോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ പ്രസ്താവിച്ചു.
പനാമയില്‍ ചൈനയുടെ സ്വാധീനത്തില്‍ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലെ നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു, പ്രത്യേകിച്ച് കനാലിന്റെ പ്രവേശന കവാടങ്ങള്‍ക്ക് സമീപം ഹോങ്കോംഗ് ആസ്ഥാനമായുള്ള സികെ ഹച്ചിസണ്‍ ഹോള്‍ഡിംഗ്സിന്റെ നേതൃത്വത്തിലുള്ള രണ്ട് പ്രധാന തുറമുഖങ്ങളുടെ പ്രവര്‍ത്തനം. 2021 ല്‍ പുതുക്കിയ കരാറില്‍ ഹച്ചിസണ്‍ ഹോള്‍ഡിംഗ്സിന് 25 വര്‍ഷത്തെ ഇളവ് നല്‍കിയിരുന്നു.ഇതിലൂടെ ബീജിംഗ് നടത്തുന്ന ഇടപെടല്‍ കനാലിന്റെ നിഷ്പക്ഷതയ്ക്ക് ഭീഷണിയാണെന്ന് വാദം ഉന്നയിച്ച് യുഎസ് നിയമനിര്‍മ്മാതാക്കള്‍ ശക്തമായ വിമര്‍ശനം നടത്തിയിട്ടുണ്ട്.
കനാലിനടുത്തുള്ള ചൈനയുടെ സാന്നിധ്യം ജലപാതയ്ക്ക് ഭീഷണിയാണെന്നും യുഎസ്-പനാമ ഉടമ്പടിയുടെ ലംഘനമാണെന്നും പ്രസ്താവിച്ചുകൊണ്ട് റൂബിയോ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദേശം നല്‍കിയിട്ടുണ്ട്. 'ഈ സ്ഥിതിവിശേഷം അസ്വീകാര്യമാണെന്നും ഉടനടി മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍, ഉടമ്പടി പ്രകാരമുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ അമേരിക്ക സ്വീകരിക്കേണ്ടിവരുമെന്നും സെക്രട്ടറി റൂബിയോ വ്യക്തമാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
സംഘര്‍ഷമുണ്ടായാല്‍ വ്യാപാര പാതകള്‍ തടസ്സപ്പെടുത്താന്‍ ചൈന കനാലിനടുത്തുള്ള തുറമുഖങ്ങള്‍ ഉപയോഗിച്ചേക്കാമെന്നും സുരക്ഷാ അപകട സാധ്യതയുണ്ടെന്നും റൂബിയോ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'യുഎസ് ഷിപ്പിംഗിനുള്ള സുപ്രധാന പാതയായ കനാല്‍ അടച്ചുപൂട്ടാന്‍ ചൈന ഈ തുറമുഖങ്ങള്‍ ഉപയോഗിച്ചേക്കാമെന്ന് അദ്ദേഹം ദി മെഗിന്‍ കെല്ലി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം കനാലിനു മേലുള്ള പനാമയുടെ പരമാധികാരം സംബന്ധിച്ച് ചര്‍ച്ചചെയ്യേണ്ടതില്ല എന്നാണ് പ്രസിഡന്റ് മുലീനോ ആവര്‍ത്തിച്ചത്.
ചൈനയുമായുള്ള കരാറില്‍ നിഷ്പക്ഷതയിലോ അതിന്റെ സാധുതയിലോ, കരാര്‍ ഉണ്ടാക്കാന്‍ സൈനിക ബലപ്രയോഗം എന്നിവ സംബന്ധിച്ചൊന്നും ഇപ്പോള്‍ ഏതെങ്കിലും ഭീഷണിയുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നും മുലീനോ പറഞ്ഞു. പനാമ പിടിക്കാന്‍ വേണമെങ്കില്‍ സൈനിക ശക്തി പ്രയോഗിക്കേണ്ടിവരുമെന്നും ട്രംപ് മുന്‍പ് പ്രസ്താവനകള്‍ നടത്തിയിട്ടും, കനാല്‍ തിരിച്ചുപിടിക്കാന്‍ യുഎസ് സൈനിക ശക്തി ഉപയോഗിക്കുമെന്ന ആശങ്കകള്‍ മുലിനോ തള്ളിക്കളഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്ക നിര്‍മ്മിച്ചതും 1999 ല്‍ പനാമയ്ക്ക് കൈമാറിയതുമായ പനാമ കനാല്‍, ഒരു സുപ്രധാന വ്യാപാര മാര്‍ഗമായി തുടരുന്നു. 1977 ലെ ഉടമ്പടി പ്രകാരം, ആഭ്യന്തര സംഘര്‍ഷമോ വിദേശ ശക്തിയോ കനാലിന്റെ നിഷ്പക്ഷതയ്ക്ക് ഭീഷണിയായി മാറിയാല്‍ യുഎസിന് ഇടപെടാനുള്ള അവകാശമുണ്ട്. ഈ പഴുത് ഉപയോഗിച്ച് കനാലിന്റെ ഉടമസ്ഥാവകാശം പിടിച്ചെടുക്കാനാണ് ട്രംപിന്റെ നീക്കം.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ പങ്കാളിത്തം പുതുക്കുന്നില്ലെന്ന് തീരുമാനിച്ച് പനാമ