'ഇസ്രായേല്‍ നിങ്ങളോടൊപ്പം; ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നിങ്ങള്‍ സ്വതന്ത്രരാകും'- ഇറാന്‍ ജനതയോട് നെതന്യാഹു

'ഇസ്രായേല്‍ നിങ്ങളോടൊപ്പം; ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നിങ്ങള്‍ സ്വതന്ത്രരാകും'- ഇറാന്‍ ജനതയോട് നെതന്യാഹു


ടെല്‍ അവീവ്: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തോടുള്ള ഇസ്രയേലിന്റെ ആക്രമണാത്മകമായ പോരാട്ടത്തിനിടയില്‍ ഇറാനിലെ സാധാരണ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപൂര്‍വമായ ഒരു സന്ദേശം നേരിട്ട് നല്‍കി. ഇസ്രായേല്‍ ഇറാനിലെ ജനങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് നെതന്യാഹു പറഞ്ഞത്.

'എല്ലാ ദിവസവും, നിങ്ങളെ കീഴ്‌പ്പെടുത്തുന്ന ഒരു ഭരണകൂടം ലെബനനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും ഗാസയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും ഉഗ്രമായ പ്രസംഗങ്ങള്‍ നടത്തുന്നത് നിങ്ങള്‍ കാണുന്നു. എന്നിട്ടും എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും കൊണ്ടുപോകുന്നു, 'നെതന്യാഹുവിന്റെ ഒരു വീഡിയോ സന്ദേശത്തില്‍ ഇറാന്‍ ജനതയെ അഭിസംബോധന ചെയ്തു പറയുന്നു.

ഇറാന്റെ 'പാവകളെ' ഇല്ലാതാക്കുകയാണെന്ന് പറഞ്ഞ നെതന്യാഹു, 'മിഡില്‍ ഈസ്റ്റില്‍ ഇസ്രായേലിന് എത്തിച്ചേരാന്‍ കഴിയാത്ത ഒരിടവും ഇല്ല എന്നും കൂട്ടിച്ചേര്‍ത്തു. നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എവിടെയും പോകുമെന്നും നെതന്യാഹു പറഞ്ഞു..

'കടന്നുപോകുന്ന ഓരോ നിമിഷവും, ഭരണകൂടം നിങ്ങളെ, കുലീനരായ പേര്‍ഷ്യന്‍ ജനതയെ-ആഴത്തിലേക്ക് തള്ളുകയാണ്', അദ്ദേഹം പറഞ്ഞു. 'ഇസ്ലാമിക റിപ്പബ്ലിക് ഭരണകൂടം തങ്ങലെ സംരക്ഷിക്കുന്നില്ലെന്ന് ഭൂരിഭാഗം ഇറാനികള്‍ക്കും അറിയാം. അവര്‍ നിങ്ങളെ ശ്രദ്ധിക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള വ്യര്‍ത്ഥമായ യുദ്ധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ പാഴാക്കുന്നത് അവസാനിപ്പിക്കുമായിരുന്നു. അതിലൂടെ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ തുടങ്ങുമായിരുന്നു-നെതന്യാഹു പറഞ്ഞു.

'ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കുമായി ഭരണകൂടം പാഴാക്കിയ മുഴുവന്‍ പണവും നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും, കുടിവെള്ളം, മലിനജലം, നിങ്ങള്‍ക്ക് ആവശ്യമുള്ള മറ്റെല്ലാ കാര്യങ്ങളും നിര്‍മ്മിക്കുന്നതിനും നിക്ഷേപിച്ചിരുന്നെങ്കില്‍ എങ്ങനെയാകും നിങ്ങളുടെ ജീവിതം എന്നത് സങ്കല്‍പ്പിച്ചു നോക്കൂ-നെതന്യാഹു പറഞ്ഞു. ഇറാന്‍ ജനത സ്വതന്ത്രമാകുന്ന ദിവസം ഏറ്റവും പെട്ടന്ന് വരുമെന്നും ഇറാനും ഇസ്രായേലും സമാധാനത്തിലാകുമെന്നും നെതന്യാഹു ഉറപ്പു നല്‍കി.

'ആ ദിവസം വരുമ്പോള്‍, അഞ്ച് ഭൂഖണ്ഡങ്ങളില്‍ ഭരണകൂടം നിര്‍മ്മിച്ച തീവ്രവാദ ശൃംഖല പാപ്പരാകും, തകര്‍ക്കപ്പെടും. ഇറാന്‍ മുമ്പെങ്ങുമില്ലാത്തവിധം അഭിവൃദ്ധി പ്രാപിക്കുംഃ ആഗോള നിക്ഷേപം; വന്‍തോതിലുള്ള വിനോദസഞ്ചാരം; ഇറാനിനുള്ളില്‍ നിലനില്‍ക്കുന്ന അതിശയകരമായ പ്രതിഭകളെ അടിസ്ഥാനമാക്കിയുള്ള മികച്ച സാങ്കേതിക കണ്ടുപിടിത്തങ്ങള്‍. അത് അനന്തമായ ദാരിദ്ര്യത്തേക്കാളും അടിച്ചമര്‍ത്തലിനേക്കാളും യുദ്ധത്തേക്കാളും മികച്ചതായി തോന്നുന്നില്ലേ? എന്ന് നെതന്യാഹു ചോദിച്ചു.

'നിങ്ങളുടെ പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും തകര്‍ക്കാന്‍ മതഭ്രാന്തന്മാരായ ഒരു ചെറിയ സംഘത്തെ അനുവദിക്കരുത്' എന്ന് ഇറാനോട് പറഞ്ഞുകൊണ്ട് നെതന്യാഹു പ്രസംഗം അവസാനിപ്പിച്ചു. നിങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു. നിങ്ങളുടെ കുട്ടികള്‍ കൂടുതല്‍ അര്‍ഹിക്കുന്നു. ലോകം മുഴുവന്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും ബലാത്സംഗികളെയും കൊലപാതകികളെയും നിങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ നേതാക്കള്‍ പിന്തുണയ്ക്കുന്നു. നിങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു. ഇറാനിലെ ജനങ്ങള്‍ അറിഞ്ഞിരിക്കണം-ഇസ്രായേല്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവി നമുക്ക് ഒരുമിച്ച് അറിയണമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.


ബെയ്‌റൂട്ടിലെ തീവ്രവാദ സംഘടനയുടെ പ്രധാന ആസ്ഥാനത്ത് വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയുടെ നേതാവ് ഹസ്സന്‍ നസ്‌റല്ലയെ ഐ. ഡി. എഫ് വധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രസ്താവന.

അതിനിടയില്‍ നസ്‌റല്ലയുടെ മരണവാര്‍ത്ത ലോകമെമ്പാടുമുള്ള ഭരണവിരുദ്ധ ഇറാനികള്‍ ആഘോഷിച്ചു.

ആക്രമണത്തില്‍ നസ്‌റല്ല കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരണത്തെത്തുടര്‍ന്ന്, ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയെ ഉടന്‍ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.

അതേസമയം, നസറല്ലയുടെ കൊലപാതകത്തിനോ ജൂലൈയില്‍ ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തിനോ ഇസ്രായേലിനെതിരായ ഏത് പ്രതികാര നടപടിയും ഏപ്രിലില്‍ ഇറാന്‍ ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചതിനേക്കാള്‍ ഇസ്രായേലില്‍ നിന്ന് ശക്തമായ പ്രതികരണം നേടാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഇറാന് മുന്നറിയിപ്പ് നല്‍കിയതായി ഹാരെറ്റ്‌സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ഡമാസ്‌കസ് എംബസി സമുച്ചയത്തിലെ ഒരു കോണ്‍സുലര്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജനറല്‍മാരും നിരവധി ഐആര്‍ജിസി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന ആരോപണത്തിന് പ്രതികാരമായി ആരംഭിച്ച ആ ആക്രമണത്തില്‍ ഇസ്ലാമിക ഭരണകൂടം ഇസ്രായേലിന് നേരെ 300 ലധികം മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു, അതില്‍ ഭൂരിഭാഗവും ഇസ്രായേലും യുഎസ് നേതൃത്വത്തിലുള്ള സഖ്യവും വെടിവച്ചു വീഴ്ത്തി.

ആക്രമണത്തെത്തുടര്‍ന്ന്, ഇറാനിയന്‍ ഭരണകൂടത്തിന്റെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രങ്ങളിലൊന്നായ ഇസ്ഫഹാന്‍ നഗരത്തില്‍ പരിമിതമായ ഡ്രോണ്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ തിരിച്ചടിച്ചു. എസ്-300 എയര്‍ ഡിഫന്‍സ് ബാറ്ററിക്ക് നേരെയുള്ള ആക്രമണം ടെഹ്‌റാനിലേക്ക് തിരിച്ചടിയുടെ ഒരു സന്ദേശം അയയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.