തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന നിര്‍ദേശം ഇറാന്‍ നിരസിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദിഅടുത്തിടെ നടത്തിയ തെഹ്‌റാന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപിന്റെ നിര്‍ദേശം ഇറാന്‍ നേതൃത്വത്തിന് കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആശങ്ക ഇറാന്റെയും ഇറാഖിന്റെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, നിലവില്‍ ചര്‍ച്ചയിലുള്ള ഏക സമാധാന നിര്‍ദേശം ഇതായിരുന്നുവെന്നും എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ക്ക് പരിഹാരം കാണാത്ത താല്‍ക്കാലിക ധാരണ ഇറാന്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദി ടെഹ്‌റാനിലെത്തുന്നതിന് മുമ്പ് വാഷിംഗ്ടണില്‍ ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് തെഹ്‌റാനില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രശ്‌നം സന്ദേശമല്ല, അമേരിക്കയുടെ സമീപനമാണെന്നും ഇടനിലക്കാരുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, അലി അല്‍-സൈദി വാഷിംഗ്ടണിലെ തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു.
ഇറാനും ഇറാഖും തമ്മില്‍ ശക്തമായ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങളുണ്ടെന്നും മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ ഇറാഖ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സുപ്രധാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള മറുപടിയായി മധ്യപൂര്‍വദേശത്തെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് തെഹ്‌റാനെയും മറ്റ് നിര്‍ണായക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം വ്യാപിപ്പിച്ചാല്‍ കൂടുതല്‍ വലിയ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം ശക്തമായാല്‍ ഇസ്രയേലിലെ ടെല്‍ അവീവിനെ ലക്ഷ്യമിടുമെന്നും യെമനിലെ ഹൂത്തി സഖ്യകക്ഷികളോട് ചെങ്കടലിലെ പ്രധാന കപ്പല്‍പാതയായ ബാബ് അല്‍-മന്ദബ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ആവശ്യപ്പെടാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂത്തികള്‍ ഇതിനകം തന്നെ പ്രസ്തുത ജലപാത അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും നിരവധി കപ്പലുകള്‍ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തെഹ്‌റാനിലെ ആസാദി സ്‌ക്വയറില്‍ ഭരണകൂട അനുകൂല റാലികള്‍ തുടരുന്നതായും സൈനിക പരേഡില്‍ ഇറാന്‍ നിര്‍മ്മിത ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ സൈനിക ശേഷി ഗുരുതരമായി തകര്‍ന്നെന്ന ട്രംപിന്റെ അവകാശവാദത്തിന് വിരുദ്ധമായ ദൃശ്യങ്ങളാണിതെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
