ഗാസ സമാധാന പദ്ധതിയില്‍ ഈജിപ്തില്‍ നടന്ന ഒന്നാം ഘട്ടം ചര്‍ച്ച അവസാനിച്ചു; ശുഭപ്രതീക്ഷ

ഗാസ സമാധാന പദ്ധതിയില്‍ ഈജിപ്തില്‍ നടന്ന ഒന്നാം ഘട്ടം ചര്‍ച്ച അവസാനിച്ചു; ശുഭപ്രതീക്ഷ


കെയ്‌റോ : ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കി സമാധാനം കൊണ്ടുവരുന്നതിനും ബന്ദികളെ പരസ്പരം കൈമാറുന്നതിനും വേണ്ടി അമേരിക്ക തയ്യാറാക്കിയ സമാധാന പദ്ധതിയില്‍ ഈജിപ്തില്‍ നടന്ന ഒന്നാം ഘട്ടം ചര്‍ച്ച അവസാനിച്ചു. ശുഭപ്രതീക്ഷ നിലനിര്‍ത്തിയാണ് ചര്‍ച്ചകള്‍ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള അല്‍ഖഹേറ ന്യൂസ് പറയുന്നതനുസരിച്ച്, ആദ്യഘട്ട ചര്‍ച്ചകള്‍ 'സൗഹൃദപരമായ അന്തരീക്ഷത്തില്‍' ആണ് അവസാനിച്ചത്. ചൊവ്വാഴ്ചയും ചര്‍ച്ചകള്‍ തുടരും. ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. ബന്ദികളുടെ മോചനവും പലസ്തീന്‍ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചയായതെന്നാണ് സൂചന.

ഹമാസ് പ്രതിനിധികളും ഇസ്രായേല്‍ പ്രതിനിധികളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളല്ല നടക്കുന്നത്. മറിച്ച്, മധ്യസ്ഥര്‍ വഴിയാണ് ഇരുപക്ഷവും സംസാരിക്കുന്നത്. ഈജിപ്ഷ്യന്‍, ഖത്തറി മധ്യസ്ഥര്‍ ബന്ദികളെ മോചിപ്പിക്കുന്നതിനും തടവുകാരെ കൈമാറുന്നതിനും ഒരു സംവിധാനം രൂപീകരിക്കാന്‍ ഇരുപക്ഷവുമായും പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇസ്രയേല്‍ പ്രതിനിധിസംഘത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിര്‍ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാല്‍ ഹിര്‍ഷ് എന്നിവരാണുള്ളത്. ചാരസംഘടനയായ മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു. ഹമാസ് മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം ചര്‍ച്ചയ്‌ക്കെത്തിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതനുസരിച്ച്, ഹമാസ് ചില പ്രധാന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണ്. 'ഒരു കരാര്‍ സാധ്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഹമാസ് വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ സമ്മതിക്കുന്നുണ്ട്. നമുക്ക് ഒരു കരാര്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു,' ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.