കീവിൽ വീണ്ടും റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; കരിങ്കടലിൽ റഷ്യൻ ടാങ്കറുകൾ ലക്ഷ്യമിട്ട് യുക്രെയ്ൻ

കീവിൽ വീണ്ടും റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; കരിങ്കടലിൽ റഷ്യൻ ടാങ്കറുകൾ ലക്ഷ്യമിട്ട് യുക്രെയ്ൻ


കീവ്:  യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ വീണ്ടും വ്യാപക മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. 40ലധികം മിസൈലുകളും 120 ഓളം ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞ 35 ദിവസത്തിനിടെ കീവിനെതിരെ നടക്കുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. വിവിധ പ്രദേശങ്ങളിലായി പുലർച്ചയ്ക്ക് മുമ്പാണ് ആക്രമണം നടന്നത്.

41 മിസൈലുകളിൽ 18 എണ്ണം വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. 120 ഓളം ഡ്രോണുകളിൽ 108 എണ്ണവും വെടിവച്ച് വീഴ്ത്തിയതായും അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ നിരവധി പാർപ്പിട സമുച്ചയങ്ങൾ, ഗോഡൗണുകൾ, സൂപ്പർമാർക്കറ്റ്, വിദ്യാർഥി ഹോസ്റ്റൽ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.

അതേസമയം, റഷ്യൻ ആക്രമണങ്ങൾക്ക് മറുപടിയായി യുക്രെയ്ൻ റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങൾക്കെതിരെയും ആക്രമണം ശക്തമാക്കി. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്‌ബെറീസ് കമ്പനിയുടെ രണ്ട് ഗോഡൗണുകൾ യുക്രെയ്ൻ ആക്രമിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു. ഈ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 62 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റഷ്യ വ്യക്തമാക്കി.

കരിങ്കടലിൽ റഷ്യയുടെ ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന മൂന്ന് ടാങ്കറുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി പ്രസിഡന്റ് സെലെൻസ്‌കി അറിയിച്ചു. സ്റ്റാവ്രോപോൾ മേഖലയിലെ മൂന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളും മറ്റൊരു ഇന്ധന കേന്ദ്രവും യുക്രെയ്ൻ സേന ആക്രമിച്ചതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

ഇതിനിടെ, അമേരിക്കയുമായി ഉണ്ടായ പുതിയ ധാരണയുടെ ഭാഗമായി യുക്രെയ്‌നിൽ തന്നെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിനുള്ള ഇന്റർസെ്ര്രപർ മിസൈലുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചതായും സെലെൻസ്‌കി അറിയിച്ചു. റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇത് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കീവിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങളും ലോജിസ്റ്റിക് കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ടെലഗ്രാം ചാനലിൽ 'ഞങ്ങൾ സജ്ജമാണ്, ദൗത്യം തുടരുന്നു' എന്ന സന്ദേശവും പ്രസിദ്ധീകരിച്ചു.



കീവിൽ വീണ്ടും റഷ്യയുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം; കരിങ്കടലിൽ റഷ്യൻ ടാങ്കറുകൾ ലക്ഷ്യമിട്ട് യുക്രെയ്ൻ