വ്ളാദിമിര്‍ അലക്‌സേയേവിനെ വെടിവെച്ച മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി റഷ്യ

വ്ളാദിമിര്‍ അലക്‌സേയേവിനെ വെടിവെച്ച മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി റഷ്യ


മോസ്‌കോ: റഷ്യയുടെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ ജി ആര്‍ യുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ലഫ്റ്റനന്റ് ജനറലുമായ വ്ളാദിമിര്‍ അലക്‌സേയേവിന് നേരെയുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരിച്ചറിഞ്ഞതായി റഷ്യന്‍ അധികാരികള്‍ അറിയിച്ചു. യുക്രെയ്ന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ച ല്യൂബോമിര്‍ കോര്‍ബയാണ് വെടിവെച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചു. എന്നാല്‍ ഇത് റഷ്യയുടെ ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ് യുക്രെയ്ന്‍ ആരോപണം തള്ളി.

റഷ്യന്‍ അന്വേഷണ സമിതിയുടെ വിവരങ്ങള്‍ പ്രകാരം യുക്രെയന്‍ വംശജനായ റഷ്യന്‍ പൗരന്‍ കോര്‍ബ ഡിസംബര്‍ അവസാനം മോസ്‌കോയില്‍ പ്രവേശിക്കുകയും നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ താമസ സമുച്ചയത്തില്‍ ആക്രമണം നടത്തുകയുമായിരുന്നു. 

ഗുരുതര പരിക്കേറ്റ 64കാരനായ അലക്‌സേയേവ് ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുത്തതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനിടെ മൂന്നു വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് പ്രതി രക്ഷപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.

ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം കോര്‍ബ യു എ ഇയിലേക്ക് വിമാനമാര്‍ഗം കടന്നതായി അന്വേഷണ സംഘം അറിയിച്ചു. അവിടെ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്ത് റഷ്യക്ക് കൈമാറിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കോര്‍ബയെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സ്ഥലം വെളിപ്പെടുത്താതെ സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.

സംഭവസ്ഥലത്ത് സൈലന്‍സര്‍ ഘടിപ്പിച്ച മകാരോവ് പിസ്റ്റളും മൂന്ന് വെടിയുണ്ടകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. കോര്‍ബയുടെ അറസ്റ്റില്‍ സഹായിച്ചതിന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നന്ദി അറിയിച്ചതായി ക്രെംലിന്‍ സ്ഥിരീകരിച്ചു.

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ കീവാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്രോവ് ആരോപിച്ചു. 

ജി ആര്‍ യുവിന്റെ ഉപമേധാവിയായ അലക്‌സേയേവ് ഏജന്‍സിയുടെ മേധാവി അഡ്മിറല്‍ ഇഗോര്‍ കോസ്ത്യൂകോവിനൊപ്പം അടുത്തിടെ അബുദാബിയില്‍ നടന്ന യുക്രെയ്ന്‍- അമേരിക്ക- റഷ്യ ത്രികക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. കോര്‍ബ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിക്ടര്‍ വാസിന്‍ എന്നയാളെ മോസ്‌കോയില്‍ അറസ്റ്റ് ചെയ്ത് ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടുണ്ട്.

സിനൈഡ സെറെബ്രിറ്റ്‌സ്‌കയ എന്ന മറ്റൊരു വ്യക്തിയെയും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. അവര്‍ യുക്രെയ്‌നിലേക്ക് രക്ഷപ്പെട്ടതായും എന്നാല്‍ അവരുടെ പങ്ക് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

2022-ല്‍ യുക്രെയ്‌നില്‍ റഷ്യ സൈനിക ഇടപെടല്‍ ആരംഭിച്ചതിന് ശേഷം റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ വെടിവെയ്പ്പ്. 2024-ല്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിരില്ലോവിനെ കൊലപ്പെടുത്തിയ ബോംബാക്രമണത്തില്‍ ഉള്‍പ്പെടെ ചില ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് യുക്രെയ്ന്‍ മുന്‍പ് സമ്മതിച്ചിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ മറ്റൊരു ആക്രമണം ആസൂത്രണം ചെയ്ത ശ്രമം അടുത്തിടെ പരാജയപ്പെടുത്തിയതായും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.