കീവ്: വാരാന്ത്യത്തില്‍ റഷ്യയ്ക്കെതിരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങള്‍ താത്ക്കാലികമായി അടക്കേണ്ടി വന്നത് 10 തവണ. 140ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായും 130ലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവന്നതായും റഷ്യയുടെ വ്യോമയാന അതോറിറ്റി സ്ഥിരീകരിച്ചു. തലസ്ഥാനത്തിന് മുകളിലുള്ള 27 എണ്ണം ഉള്‍പ്പെടെ ശനിയാഴ്ച രാവിലെ മുതല്‍ 230 ലധികം ഡ്രോണുകള്‍ തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്‌കോയുടെ തെക്ക് പടിഞ്ഞാറുള്ള കലുഗ മേഖലയെയും ഇത് ബാധിച്ചു. കലുഗ അന്താരാഷ്ട്ര വിമാനത്താവളം താത്ക്കാലികമായി അടച്ചുപൂട്ടി.
ആവര്‍ത്തിച്ചുള്ള യുക്രെയ്‌നിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ കാരണം മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പത്ത് തവണ അടച്ചിട്ടതായി റഷ്യയുടെ ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഞായറാഴ്ചയോടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി.
ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ റഷ്യന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടപ്പോള്‍ റഷ്യ യുക്രെയ്നിലുടനീളം വ്യോമാക്രമണം നടത്തി. കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡൊണെറ്റ്‌സ്‌കില്‍ രണ്ട് പേരും സുമിയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് 78 വയസ്സുള്ള ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. 57 റഷ്യന്‍ ഡ്രോണുകളില്‍ 18 എണ്ണം ഒറ്റരാത്രികൊണ്ട് വെടിവച്ചിട്ടതായി യുക്രെയ്ന്‍ വ്യോമസേന റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു ഏഴ് ഡ്രോണുകള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അവയുടെ റഡാര്‍ സിഗ്നല്‍ നഷ്ടപ്പെട്ടു. ഖാര്‍കിവ്, ഡിനിപ്രോപെട്രോവ്‌സ്‌ക്, സപോരിഷിയ എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇപ്പോഴും യുക്രെയ്‌നുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ്.
യുക്രെയ്‌നിയന്‍ ഒത്തുതീര്‍പ്പ് എത്രയും വേഗം സമാധാനപരമായ പരിസമാപ്തിയില്‍ എത്തിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് പ്രസിഡന്റ് പുടിന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതൊരു നീണ്ട പ്രക്രിയയാണെന്നും അതിന് ശ്രമം ആവശ്യമാണെന്നും അത് എളുപ്പമല്ലെന്നും പെസ്‌കോവ് പറഞ്ഞു.
കഴിഞ്ഞ മാസം നിലച്ച ചര്‍ച്ചകള്‍ പുന:രാരംഭിക്കുന്നതിന് യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പുതിയൊരു ചര്‍ച്ച നിര്‍ദ്ദേശിച്ചു. പുടിനെ നേരിട്ട് കാണാനുള്ള സന്നദ്ധത അദ്ദേഹം വീണ്ടും പ്രകടിപ്പിച്ചു, സമാധാനം ഉറപ്പാക്കാന്‍ നേതൃതലത്തില്‍ ഒരു യോഗം ആവശ്യമണെന്ന് അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്കുള്ള മുന്‍കാല ശ്രമങ്ങള്‍ വെടിനിര്‍ത്തലില്‍ എത്തുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും തടവുകാരുടെ കൈമാറ്റത്തില്‍ കലാശിച്ചു.
നാറ്റോ സഖ്യകക്ഷികള്‍ വഴി 'ഏറ്റവും മികച്ച ആയുധങ്ങള്‍' യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് യുക്രെയ്നിന് പിന്തുണ ലഭിച്ചു. ഒരു കരാറിലെത്താന്‍ 50 ദിവസമുണ്ടെന്നും അല്ലെങ്കില്‍ കടുത്ത തീരുവ നേരിടേണ്ടിവരുമെന്നും അദ്ദേഹം റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.