അമ്മാൻ : തെക്കൻ ജോർദാനിലെ അഖാബ അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖവും വിശ്വസനീയമായ സുരക്ഷാ ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചതായി യുഎസ് എംബസി അറിയിച്ചു. ഇതേ തുടർന്ന് അമേരിക്കൻ പൗരന്മാർ വിമാനത്താവളത്തിലേക്കും തുറമുഖത്തേക്കും യാത്ര ചെയ്യരുതെന്നും ജോർദാനിലെ സൈനിക താവളങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് യുഎസ് എംബസി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഭീഷണിയുടെ സ്വഭാവമെന്താണെന്നോ ഒഴിപ്പിക്കൽ എത്രനാൾ തുടരുമെന്നോ എംബസി വിശദീകരിച്ചിട്ടില്ല.
അതേസമയം, യുഎസ് എംബസിയുടെ അവകാശവാദം ജോർദാൻ സർക്കാർ നിഷേധിച്ചു. അഖാബ തുറമുഖം സാധാരണ നിലയിൽ പ്രവർത്തിക്കുകയാണെന്നും ഒഴിപ്പിച്ചിട്ടില്ലെന്നും അഖാബ കമ്പനി ഫോർ പോർട്‌സിന്റെ ഡയറക്ടർ ജനറൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ രാജ്യത്ത് യാതൊരു സുരക്ഷാ ഭീഷണിയും കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ വക്താവിനെ ഉദ്ധരിച്ച് ജോർദാൻ സർക്കാർ വാർത്താ ഏജൻസിയും അറിയിച്ചു.
ഇതിനിടെ, വെള്ളിയാഴ്ച ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും ഒരാളെ കാണാതായതായും അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനുമായുള്ള പുതിയ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അമേരിക്കൻ സൈനിക മരണങ്ങളാണിവ.
സമീപ ദിവസങ്ങളിലായി ജോർദാനിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ യുദ്ധവിമാനങ്ങളും ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും മേഖലയിൽ വിന്യസിച്ച് അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
മധ്യപൂർവദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് യാത്രകൾ പുനഃപരിശോധിക്കണമെന്നും വിമാന സർവീസുകൾ റദ്ദാകാനോ വ്യോമപാതകൾ താൽക്കാലികമായി അടയ്ക്കാനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചെങ്കടൽ തീരത്തുള്ള അഖാബ ജോർദാനിലെ പ്രധാന വ്യാപാര–ഗതാഗത കേന്ദ്രമാണ്. മേഖലയിലെ പ്രധാന സമുദ്ര വ്യാപാരപാതകൾക്കും അതിർത്തി മേഖലകൾക്കും സമീപത്തായതിനാൽ തന്ത്രപ്രധാന പ്രദേശമായാണ് അഖാബയെ വിലയിരുത്തുന്നത്.
ഭീഷണി മുന്നറിയിപ്പ്; ജോർദാനിലെ അഖാബ വിമാനത്താവളവും തുറമുഖവും ഒഴിപ്പിച്ചെന്ന് യുഎസ് എംബസി, നിഷേധിച്ച് ജോർദാൻ
