ഇസ്രായേലിന് ഒന്നും ചെയ്യാന്‍ കഴിയല്ലെന്ന് ടെഹ്‌റാന്റെ മറുപടി

ഇസ്രായേലിന് ഒന്നും ചെയ്യാന്‍ കഴിയല്ലെന്ന് ടെഹ്‌റാന്റെ മറുപടി


ടെഹ്‌റാന്‍: ഇറാനെതിരെ 'ജോലി പൂര്‍ത്തിയാക്കുമെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാന്‍. ഇസ്രായേലിന്റെ പ്രസ്താവന  യു എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്ന് ഇറാന്‍ വിശദമാക്കി. 

'മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും കടുത്ത ലംഘനമാണ്,' ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഖായ് പറഞ്ഞു, ഇസ്രായേലിന് ഇറാനെതിരെ 'ഒന്നും ചെയ്യാന്‍ കഴിയില്ല' എന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാനമേറ്റെടുത്തതിനുശേഷം തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേലിലെത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കൊപ്പം സംസാരിക്കുന്നതിനിടെയാണ് നെതന്യാഹു ഇറാനെതിരെയുള്ള പ്രസ്താവന നടത്തിയത്. 

'കഴിഞ്ഞ 16 മാസത്തിനിടെ ഇറാന്റെ ഭീകര അച്ചുതണ്ടിന് ഇസ്രായേല്‍ ശക്തമായ പ്രഹരം ഏല്‍പ്പിച്ചു. പ്രസിഡന്റ് ട്രംപിന്റെ ശക്തമായ നേതൃത്വത്തില്‍ നമുക്ക് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല,' എന്നാണ് ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തി വിമതരുമായി ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുമായുള്ള സംഘര്‍ഷങ്ങളെ പരാമര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞത്.

മേഖലയിലെ വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് പറഞ്ഞുകൊണ്ട് റുബിയോ നെതന്യാഹുവിന്റെ നിലപാടിന് അടിവരയിട്ടു. 

'ഹമാസ്, ഹിസ്ബുള്ള, വെസ്റ്റ് ബാങ്കിലെ അക്രമം, സിറിയയിലെ അസ്ഥിരത, ഇറാഖിലെ മിലിഷ്യ എന്നിവയെക്കുറിച്ച് സംസാരിച്ചാല്‍ അവയ്ക്കെല്ലാം ഒരു പൊതു ഘടകം മാത്രമേയുള്ളൂ. ഇറാനാണത്. അത് പരിഹരിക്കപ്പെടണം,' റൂബിയോ പറഞ്ഞു.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ കാലയളവിലെ സമീപനത്തിന് സമാനമായി ഇറാനെതിരായ തന്റെ 'പരമാവധി സമ്മര്‍ദ്ദ' തന്ത്രം പുനഃസ്ഥാപിക്കുമ്പോഴാണ് ഈ അഭിപ്രായങ്ങള്‍ വരുന്നത്. ഈ നയം 2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നതിലേക്ക് നയിച്ചു, ഇറാന്‍ രഹസ്യമായി ആണവായുധങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചു.

ഇറാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു, പക്ഷേ കരാറിന് കീഴിലുള്ള പ്രതിബദ്ധതകള്‍ കുറക്കുകയും യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. 

അതേസമയം, പുതിയ ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് ട്രംപ് ഭരണകൂടത്തിനും ഇറാനും ഇടയില്‍ സൗദി അറേബ്യ മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലേക്ക് കൂടുതല്‍ അടുക്കുമെന്ന് സൗദി ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.