ഹനുക്കാ ആഘോഷത്തിനിടെ ബോണ്ടി ബീച്ചില്‍ വെടിവെപ്പ്; 10 മരണം, രാജ്യം ഞെട്ടലില്‍

ഹനുക്കാ ആഘോഷത്തിനിടെ ബോണ്ടി ബീച്ചില്‍ വെടിവെപ്പ്; 10 മരണം, രാജ്യം ഞെട്ടലില്‍


സിഡ്‌നി  :  ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്കാ ആഘോഷത്തിനിടെ നടന്ന കൂട്ടവെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച (ഡിസംബര്‍ 14) വൈകിട്ടോടെയായിരുന്നു സംഭവം. വെടിവെപ്പുണ്ടായതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തി പടര്‍ന്നു. സംഭവസ്ഥലത്തേക്ക് അടിയന്തരസേവന വിഭാഗങ്ങളും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശം ഒഴിവാക്കണമെന്ന് ന്യൂ സൗത്ത് വെയില്‍സ് (NSW) പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സാക്ഷികള്‍ പറയുന്നതനുസരിച്ച് കറുത്ത വസ്ത്രം ധരിച്ച രണ്ട് പേര്‍ വെടിവെപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ഇവര്‍ സെമിഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വിനോദസഞ്ചാരികളുടെ സ്ഥിരം കേന്ദ്രമായ ബോണ്ടി ബീച്ചില്‍ ഒരേസമയം നിരവധി വെടിയൊച്ചകള്‍ കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തി. 'ബോണ്ടിയില്‍ കണ്ട ദൃശ്യങ്ങള്‍ അതീവ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. പൊലീസ് ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്ത് ജീവന്‍ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. ബാധിക്കപ്പെട്ട എല്ലാവരോടും എന്റെ അനുഭാവം,' -അദ്ദേഹം പറഞ്ഞു. ഫെഡറല്‍ പൊലീസ് കമ്മീഷണറുമായും NSW പ്രീമിയറുമായും സംസാരിച്ചതായും സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇസ്രായേല്‍ നേതാക്കളടക്കമുള്ള അന്താരാഷ്ട്ര സമൂഹം ആക്രമണത്തെ ശക്തമായി അപലപിച്ചു. യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട 'ക്രൂരമായ ആക്രമണം' ആണിതെന്ന് അവര്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതോടെ പൊലീസ് വിശദീകരണം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.