വാഷിംഗ്ടൺ: ലബനനിൽ യുദ്ധം ഒഴിവാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേരെ കടുത്ത അസഭ്യവർഷവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക അധിനിവേശം ക്രമാതീതമായി ശക്തമാക്കുന്ന നെതന്യാഹുവിന്റെ നീക്കത്തിനെതിരേയാണ് ട്രംപ് ഫോൺ കോളിലൂടെ പൊട്ടിത്തെറിച്ചത്. ഇറാനുമായി അമേരിക്ക നടത്തുന്ന അതീവ സങ്കീർണ്ണവും സുപ്രധാനവുമായ നയതന്ത്ര ചർച്ചകളെ ഇസ്രായേലിന്റെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ ഉത്തരവിടുകയും ദക്ഷിണ ലെബനനിൽ കരസേനാ നീക്കം വിപുലീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിൽ കടുത്ത വാഗ്വാദം നടന്നത്. ഇസ്രായേലിന്റെ ഈ നീക്കങ്ങൾ മേഖലയിൽ വലിയൊരു യുദ്ധ ഭീതി ഉണ്ടാക്കുകയും ടെഹ്‌റാനിൽ നിന്നുള്ള പുതിയ മുന്നറിയിപ്പുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
നെതന്യാഹുവിന്റെ ഇത്തരം നീക്കങ്ങൾ ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുകയാണെന്നും ഇറാനുമായി യു.എസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ പൂർണ്ണമായും അപകടത്തിലാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപ് നെതന്യാഹുവിനെ "ഭ്രാന്തൻ" (Crazy) എന്ന് വിളിച്ചുവെന്നും പ്രത്യാഘാതങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്തവനെന്നും താനില്ലായിരുന്നെങ്കിൽ നെതന്യാഹു ജയിലിലായിരുന്നേനെ എന്നുമുള്ള പരാമർശങ്ങൾ ട്രംപ് നടത്തിയതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ആക്സിയോസ് റിപ്പോർട്ടിൽ പറയുന്നു.
ലെബനനിൽ യുദ്ധം അതിരൂക്ഷമാകുന്നതിനിടെ ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ അംഗീകരിച്ചെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അതിരൂക്ഷമായ പരാമർശങ്ങളടങ്ങിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ്; "ഞാനില്ലായിരുന്നെങ്കിൽ നീയിപ്പോൾ ജയിലിൽ കിടന്നേനെ"
