വാഷിങ്ടൺ: ഇറാനെതിരെ പുതിയ ഘട്ട സൈനിക ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷാ സംഘത്തിലെ പ്രധാന അംഗങ്ങളുമായി അടിയന്തര ചർച്ച നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന്റെ വ്യാപ്തിയും അതിന്റെ പശ്ചാത്തലത്തിൽ ഇറാനുമായുള്ള ചർച്ചകളിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും യോഗത്തിൽ വിലയിരുത്തിയതായാണ് വിവരം.
ഇറാൻ ശക്തമായ തിരിച്ചടി നടത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ചത്തെ സംഭവങ്ങളെക്കാൾ ശക്തമായ പ്രതികരണമായിരിക്കും ഇത്തവണ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ആശങ്ക.
ഇതിനിടെ, വെടിനിർത്തൽ കരാർ നിലനിർത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ഖത്തർ പ്രതിനിധി സംഘം ഇറാനിൽ സന്ദർശനം നടത്തിയിരുന്നുവെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാനാകാത്തതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാൻ ഖത്തറിന് സാധിച്ചില്ല.
എങ്കിലും ഖത്തർ മധ്യസ്ഥർ ഇറാനും അമേരിക്കയും തമ്മിലുള്ള ആശയവിനിമയ ചാനലുകൾ തുറന്നുവെക്കാൻ ശ്രമം തുടരുമെന്നാണ് വിവരം. അതേസമയം, ഇറാനെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നതിനായി സൈനിക സമ്മർദം കൂടുതൽ ശക്തമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
അമേരിക്കൻ ആക്രമണങ്ങളും ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യതയും പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ജാഗ്രതയോടെയാണ് ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നത്.
ഇറാനെ ആക്രമിക്കുന്നതിനു മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ചനടത്തി ട്രംപ് ; തിരിച്ചടിക്കുമെന്ന് ആശങ്ക
