സി ഇ ഒ സംഘവുമായി ട്രംപ് ഈ വര്‍ഷം ചൈന സന്ദര്‍ശിക്കും

സി ഇ ഒ സംഘവുമായി ട്രംപ് ഈ വര്‍ഷം ചൈന സന്ദര്‍ശിക്കും


വാഷിംഗ്ടണ്‍: ഡസന്‍ കണക്കിന് സി ഇ ഒമാരുടെ സംഘത്തോടൊപ്പം ഈ വര്‍ഷം അവസാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈന സന്ദര്‍ശനത്തിന് യു എസ് ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് മാസത്തില്‍ പ്രസിഡന്റിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയ്ക്ക് സമാനമായ സന്ദര്‍ശനമാണ് പ്രതീക്ഷിക്കുന്നത്. മുപ്പതിലധികം ബിസിനസ് നേതാക്കളാണ് ട്രംപിനോടൊപ്പം സൗദി അറേബ്യയിലേക്ക് പോയത്. രണ്ട് ട്രില്യണ്‍ ഡോളറിലധികം ഇടപാടുകളാണ് നടത്തിയത്.

ടെസ്ലയുടെ എലോണ്‍ മസ്‌ക്, ബ്ലാക്ക്സ്റ്റോണിന്റെ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ബ്ലാക്ക്റോക്കിന്റെ ലാറി ഫിങ്ക്, ഓപ്പണ്‍എഐയുടെ സാം ആള്‍ട്ട്മാന്‍, എന്‍വിഡിയയുടെ ജെന്‍സന്‍ ഹുവാങ്, പലന്തിര്‍ ടെക്നോളജീസിന്റെ അലക്സ് കാര്‍പ്പ്, ആമസോണിന്റെ ആന്‍ഡി ജാസ്സി തുടങ്ങിയവരാണ് സൗദി യാത്രയിലെ ചീഫ് എക്സിക്യൂട്ടീവുകള്‍.

പ്രസ്തുത സിഇഒമാര്‍ പ്രസിഡന്റിനൊപ്പം ബീജിംഗിലേക്ക് പോകുന്ന കാര്യത്തില്‍ താത്പര്യമുണ്ടാകുമോ എന്നത് യു എസ്- ചൈന ബന്ധങ്ങളുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചായിരിക്കും. ചൈനയില്‍ വലിയ ബിസിനസ് സാധ്യതകള്‍ ലക്ഷ്യമിടാത്തതിന് പ്രധാന കാരണം ബന്ധം വഷളാകുകയും ഭരണകൂടം വ്യത്യസ്ത സമീപനം സ്വീകരിക്കുകയും ചെയ്താല്‍ അത് ബിസിനസ് രംഗത്തെ ബാധിക്കും. 

പൂര്‍ണ്ണ തോതിലുള്ള ബിസിനസ് തന്ത്രത്തേക്കാള്‍ അഞ്ചു മുതല്‍ പത്തു വര്‍ഷം വരെയുള്ള കാലത്തിനിടയില്‍ ചൈനയെ ആശ്രയിക്കുന്നത് കുറക്കുന്ന തരത്തിലുള്ള പദ്ധതികളിലായിരിക്കും ഭരണകൂടം ശ്രദ്ധ ചെലുത്തുന്നത്.