ബീജിങ്: വെനിസ്വേലയിലേയ്ക്ക് പോയ ചൈനയുടെ രണ്ടു സൂപ്പര്‍ ടാങ്കര്‍ കപ്പലുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് പതാകയുള്ള സൂപ്പര്‍ ടാങ്കറുകള്‍ കാരക്കാസില്‍ നിന്നു ക്രൂഡ് ഓയില്‍ കയറ്റാന്‍ പോയതായിരുന്നു.
അമേരിക്കന്‍ ഉപരോധങ്ങളും വെനിസ്വേലയിലെ അനിശ്ചിതത്വവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടാങ്കറുകള്‍ യാത്ര നിര്‍ത്തി മടങ്ങിയത്. ഈ നീക്കം ആഗോള എണ്ണ വിപണിയിലും വെനിസ്വേല- ചൈന ഊര്‍ജ കരാറുകളിലും ചര്‍ച്ചയായി.
വെനിസ്വേലയ്ക്കു മേലുള്ള യു എസിന്റെ എണ്ണ ഉപരോധത്തിനും പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യു എസ് തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇടയിലായിരുന്നു ഈ സംഭവം. കൂറ്റന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകളായ സിങ് യെ, തൗസന്‍ഡ് സണ്ണി എന്നിവ ആഴ്ചകളോളമാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നങ്കൂരമിട്ടിരുന്നത്.
2025 അവസാനം വെനിസ്വേലന്‍ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എണ്ണ ടാങ്കറുകള്‍ക്ക് വാഷിംഗ്ടണ്‍ പൂര്‍ണ്ണമായ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെനിസ്വേലയുടെ ഊര്‍ജ്ജ കയറ്റുമതിയില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. റഷ്യന്‍ പതാകയിലുള്ള ഒരു വലിയ എണ്ണ ടാങ്കര്‍ യു എസ് സൈന്യം റെയ്ഡ് ചെയ്ത് പിടിച്ചെടുത്തതിന് ശേഷമാണ് ചൈനയുടെ നടപടി.
