ആരോഗ്യമില്ലാത്ത മോഡലുകളെ ഉപയോഗിച്ചെന്ന് ആരോപണം; സാറയുടെ രണ്ട് പരസ്യങ്ങള്‍ക്ക് വിലക്ക്

ആരോഗ്യമില്ലാത്ത മോഡലുകളെ ഉപയോഗിച്ചെന്ന് ആരോപണം; സാറയുടെ രണ്ട് പരസ്യങ്ങള്‍ക്ക് വിലക്ക്


ലണ്ടന്‍: ആരോഗ്യമില്ലാത്തതും ശരീരത്തിലെ എല്ലുന്തിയ രീതിയിലുള്ളതുമായ മോഡലുകളെ പരസ്യത്തിന് ഉപയോഗിച്ചതിന് ഫാഷന്‍ ബ്രാന്‍ഡ് സാറയുടെ രണ്ട് പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സാറയുടെ ആപ്പിലും വെബ്‌സൈറ്റിലുമാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

യു കെയിലെ അഡ്വര്‍ടൈസിങ് റെഗുലേറ്റര്‍ അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേഡ്‌സ് അഥോറിറ്റി (എ എസ് എ) ആണ് പരസ്യം നിരോധിച്ചത്. ഷാഡോ എഫക്റ്റ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ മോഡലുകളുടെ കാലുകള്‍ അസാധാരണമായ രീതിയില്‍ മെലിഞ്ഞതായി കാണപ്പെട്ടുവെന്നും കൈകള്‍ക്കു മുകളിലും കൈമുട്ടുകള്‍ക്കു ശേഷവുമുള്ള ആകൃതി അസ്വാഭാവികമായി കാണപ്പെട്ടുവെന്നും എഎസ്എ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ചിത്രങ്ങളിലെയും മോഡലുകള്‍ അസാധാരണമാം വിധം മെലിഞ്ഞും ആരോഗ്യമില്ലാത്ത അവസ്ഥയിലുമാണുള്ളതെന്നും 

പരസ്യങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ നിര്‍മിക്കേണ്ടതാണെന്നും എ എസ് എ സാറയ്ക്ക് മുന്നറിയിപ്പ് നല്‍കി. 

ഇത്തരം ചിത്രങ്ങള്‍ തെറ്റായ ആരോഗ്യ ചിന്തകള്‍ പ്രചരിപ്പിക്കുമെന്നും എഎസ്എ പറയുന്നു. ഒരു ചിത്രത്തില്‍ മോഡലിന്റെ കഴുത്തെല്ലുകള്‍ അസാധാരണമാം വിധം തെളിഞ്ഞു കാണുന്നതും എഎസ്എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് രണ്ടു പരസ്യങ്ങളും സാറ നീക്കം ചെയ്തത്. 

തങ്ങളുടെ മോഡലുകള്‍ ആരോഗ്യവതികളാണെന്നും സാറ വ്യക്തമാക്കി. ചിത്രങ്ങളില്‍ ചെറിയ എഡിറ്റ് മാത്രമേ നടത്തിയിട്ടുള്ളൂവെന്നും സാറ അറിയിച്ചു. ജൂലൈ മാസത്തില്‍ പ്രമുഖ കമ്പനിയായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിന്റെ പരസ്യത്തെയും സമാനമായ കാരണത്താല്‍ നിരോധിച്ചിരുന്നു.