മൊറോക്കോയില്‍ സൈനിക അഭ്യാസത്തിനിടെ രണ്ട് യു എസ് സൈനികരെ കാണാതായി; തിരച്ചില്‍ തുടരുന്നു

മൊറോക്കോയില്‍ സൈനിക അഭ്യാസത്തിനിടെ രണ്ട് യു എസ് സൈനികരെ കാണാതായി; തിരച്ചില്‍ തുടരുന്നു


റബാത്ത്: സംയുക്ത സൈനിക അഭ്യാസത്തിനിടെ രണ്ട് യു എസ് സൈനികരെ കാണാതായതായി മൊറോക്കോയും യു എസും സ്ഥിരീകരിച്ചു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

ആഫ്രിക്കന്‍ ലയണ്‍ 2026 എന്ന സൈനിക അഭ്യാസത്തിന്റെ ഭാഗമായിരുന്നു കാണാതായവര്‍. കഴിഞ്ഞ മാസം അഗാദിറില്‍ ആരംഭിച്ച അഭ്യാസത്തില്‍ 40ലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,000 സൈനികരാണ് പങ്കെടുക്കുന്നത്. മെയ് 8 വരെ അഭ്യാസം തുടരാനാണ് നിശ്ചയിച്ചിരിക്കുന്നത്.

കാപ് ഡ്രാ പ്രദേശത്തെ പാറക്കെട്ടിനടുത്താണ് സൈനികരെ കാണാതായതെന്ന് മൊറോക്കോ സൈന്യം അറിയിച്ചു. സംഭവം അറിഞ്ഞ ഉടന്‍ മൊറോക്കോ, അമേരിക്ക ഉള്‍പ്പെടെയുള്ള സേനകള്‍ ചേര്‍ന്ന് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.

ഭൂതല സംഘങ്ങള്‍, വിമാനങ്ങള്‍, സമുദ്ര സേന എന്നിവയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്.

സംഭവം സ്ഥിരീകരിച്ച യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്ക കമാന്റ് അന്വേഷണം ആരംഭിച്ചതായും കാണാതായ സൈനികരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അറിയിച്ചു.