ലണ്ടൻ: ഇറാന്റെ ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിനെ (IRGC) ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ. ദേശീയ സുരക്ഷാ (സ്റ്റേറ്റ് ത്രെറ്റ്‌സ്) നിയമപ്രകാരം ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ബ്രിട്ടനിൽ ഐആർജിസിക്ക് പിന്തുണ നൽകുന്നതും അതിന്റെ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നതും ക്രിമിനൽ കുറ്റമാകും.
ഐആർജിസി ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
ഇറാൻ ഇന്റർനാഷണൽ ടെലിവിഷനിലെ രണ്ട് മാധ്യമപ്രവർത്തകരെ വധിക്കാൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ഗൂഢാലോചന, ബ്രിട്ടനെ ലക്ഷ്യമിട്ട സൈബർ ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംഭവങ്ങളാണ് നടപടിക്ക് പിന്നിലെ പ്രധാന കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇതോടൊപ്പം, ജൂതസമൂഹത്തിനെതിരായ ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ദി കമ്പാനിയൻസ് ഓഫ് ദി റൈറ്റ് (IMCR), റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള റഷ്യൻ ഫെഡറേഷൻ വോളന്റിയർ കോർപ്‌സ് എന്നിവയെയും നിരോധിത സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ബ്രിട്ടൻ അറിയിച്ചു.
അതേസമയം, ഇറാന്റെ പിന്തുണയോടെ നടന്നുവെന്ന ആരോപണമുള്ള ജൂതവിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലണ്ടനിലെ ജൂത സമൂഹം കൂടുതലായി താമസിക്കുന്ന മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ 300 അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും സർക്കാർ അറിയിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി 5.9 കോടി പൗണ്ടിന്റെ അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്.
ബ്രിട്ടനിലെ ഭീകരഭീഷണി നിലവാരം അടുത്തിടെ ' സാമാന്യം ' എന്നതിൽ നിന്ന് 'ഗുരുതരം' എന്ന നിലയിലേക്ക് ഉയർത്തിയിരുന്നു. ജൂത സമൂഹത്തിന് ഭയമില്ലാതെ ജീവിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി.
ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ
