വാഷിംഗ്ടണ്‍: ഇറാനുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 16 ബില്യന്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിനും സൗദി അറേബ്യയ്ക്കും വില്‍പ്പന നയത്താന് യു എസ് അംഗീകാരം നല്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കെ ഇസ്രായേലിന് 30 അപ്പാച്ചി ആക്രമണ ഹെലികോപ്റ്ററുകള്‍ നല്‍കുന്നതിന് 3.8 ബില്യണ്‍ ഡോളറിന്റെ കരാറിനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് അനുമതി നല്‍കിയത്.
ഇസ്രായേലിന്റെ സുരക്ഷയോടുള്ള പ്രതിബദ്ധതയില്‍ യു എസ് ഉറച്ചുനില്‍ക്കുന്നുവെന്നും ശക്തവും സജ്ജവുമായ സ്വയംരക്ഷാ ശേഷി വികസിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ഇസ്രായേലിനെ സഹായിക്കുന്നത് യു എസ് ദേശീയ താല്പര്യങ്ങള്ക്ക് അത്യന്താപേക്ഷിതമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ പാക്കേജില്‍ സംയുക്ത ലൈറ്റ് ടാക്ടിക്കല്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള 1.8 ബില്യണ്‍ ഡോളറിന്റെ കരാറും ഉള്‍പ്പെടുന്നു. വില്‍പ്പനയ്ക്കു പുറമെ സഹായ രൂപത്തിലാണ് അമേരിക്ക പ്രതിവര്‍ഷം ബില്യണുകള്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങള്‍ ഇസ്രായേലിന് നല്‍കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേലും ഹമാസും ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തോളം നീണ്ട യുദ്ധം താത്ക്കാലികമായി അവസാനിക്കുകയായിരുന്നു. എന്നാല്‍ ഇറാനോട് ചേര്‍ന്നുള്ള ജലപരിധികളില് അമേരിക്ക വന്‍ സൈനിക സാന്നിധ്യം വിന്യസിച്ചതോടെ മേഖലയിലെ സംഘര്‍ഷം തുടരുകയാണ്.
730 പാട്രിയറ്റ് മിസൈലുകള്‍ സൗദി അറേബ്യയ്ക്ക് വില്‍ക്കുന്നതിനുള്ള 9 ബില്യണ്‍ ഡോളറിന്റെ കരാറിനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് അംഗീകാരം നല്‍കിയത്. ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനാണ് പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ വന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഭരണകൂടത്തിനെതിരായ വലിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇറാന് കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദം നേരിടുകയാണ്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
സുഹൃത്തല്ലെങ്കിലും ഇറാനെതിരെ ആക്രമണം നടത്തുന്നതില്‍ സൗദി അറേബ്യ ജാഗ്രത പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മേഖലയിലെ അസ്ഥിരത ഗള്‍ഫ് രാജ്യങ്ങളുടെ വ്യാപാര കേന്ദ്രമെന്ന പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. ഇസ്രായേലുമായി ചരിത്രപരമായ ബന്ധം സൗദി അറേബ്യയുടെ പരിഗണനയില്‍ വര്‍ഷങ്ങളായി ഉണ്ടെങ്കിലും പാലസ്തീന് പ്രദേശങ്ങളിലെ ഇസ്രായേല്‍ സൈനിക നടപടികളെ തുടര്‍ന്ന് അക്കാര്യത്തില്‍ നിലവില്‍ നടപടികളൊന്നുമില്ലെന്നാണ് വിലയിരുത്തല്‍.
