യു എസ് താരിഫ്; ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ചൈന

യു എസ് താരിഫ്; ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ചൈന


ന്യൂഡല്‍ഹി: ട്രംപിന്റെ താരിഫ് നയം നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ സൂചന. വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയും ചൈനയും ഒരുമിച്ചു നില്‍ക്കണമെന്ന് ചൈനീസ് എംബസി ആഹ്വാനം ചെയ്തതാണ് പുതിയ നീക്കത്തിന്റെ സൂചനകള്‍ പുറത്തുകൊണ്ടുവന്നത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക- വ്യാപാര ബന്ധം പരസ്പരം ഗുണകരമാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ വികസനത്തിനു തടസം നില്‍ക്കുന്നതാണ് യു എസിന്റെ പുതിയ വ്യാപാര നയം. മേഖലയിലെ രാജ്യങ്ങള്‍ ഇതിനെതിരെ ഒരുമിച്ചു നിലകൊള്ളണമെന്നും ഡല്‍ഹിയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് എക്‌സില്‍ കുറിച്ചു.

വ്യാപാര യുദ്ധത്തില്‍ വിജയികളുണ്ടാകില്ലെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള സമ്പദ് വ്യവസ്ഥയില്‍ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ബഹുകക്ഷി വ്യാപാര സമ്പ്രദായം സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു ലോകരാജ്യങ്ങളുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും യു ജിങ് വ്യക്തമാക്കി. 

ചൈനയുടെ നിലപാടിനോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇന്ത്യയും ചൈനയും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ചൈനയ്ക്കു മേല്‍ അധിക നികുതി ചുമത്തുക മാത്രമല്ല ഇതിനിയും വര്‍ധിപ്പിക്കും എന്ന ഭീഷണികൂടി ട്രംപ് മുഴക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കു മേല്‍ യു എസ് കുറഞ്ഞ നികുതിയാണ് ചുമത്തിയത്. 

യു എസ് പ്രഖ്യാപിച്ച വ്യാപാര യുദ്ധത്തോട് ചൈന ഉള്‍പ്പെടെ പല രാജ്യങ്ങളും അതേ നാണയത്തിലാണ് പ്രതികരിക്കുന്നത്. യു എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു മേല്‍ അധിക നികുതിയാണ് ഈ രാജ്യങ്ങള്‍ ചുമത്തുന്നത്. എന്നാല്‍, ഇന്ത്യ അധിക നികുതി പ്രഖ്യാപിച്ചിട്ടുമില്ല.

ഇന്ത്യയുമായുള്ള സാമ്പത്തിക- വാണിജ്യ സഹകരണത്തില്‍ ചൈന കൂടുതല്‍ താത്പര്യമെടുക്കുമ്പോഴും ഇന്ത്യ പ്രത്യക്ഷത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പതിവില്ലാത്ത രീതിയില്‍ യു എസും ഇന്ത്യയും പരസ്പരം വച്ചുപുലര്‍ത്തുന്ന മൃദുസമീപനമാണ് ഈ വിഷയത്തില്‍ നിര്‍ണായകമാവുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.