ഗാസയിൽ യുദ്ധം ആരംഭിച്ചശേഷം അമേരിക്ക ഇസ്രയേലിന് സൈനിക സഹായമായി നൽകിയത് 21.7 ബില്യൺ യു എസ് ഡോളർ

ഗാസയിൽ യുദ്ധം ആരംഭിച്ചശേഷം അമേരിക്ക ഇസ്രയേലിന് സൈനിക സഹായമായി നൽകിയത് 21.7 ബില്യൺ യു എസ് ഡോളർ


വാഷിംഗ്ടൺ: ഗാസയിൽ യുദ്ധം ആരംഭിച്ചശേഷം അമേരിക്ക ഇതുവരെ ഇസ്രയേലിന് സൈനിക സഹായമായി 21.7 ബില്യൺ യു എസ് ഡോളർ ( 2170 കോടി ഡോളർ ) നൽകിയതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ച് രണ്ടു വർഷത്തിനിടെ, ബൈഡൻ ട്രംപ് ഭരണകൂടങ്ങളാണ് ഇസ്രയേലിന് ഈ സഹായം നൽകിയത്. ഹമാസ് 2023 ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പുറത്തിറക്കിയ  പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വാട്‌സൺ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സിലെ കോസ്റ്റ്‌സ്് ഓഫ് വാർ പ്രോജക്ട് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ പശ്ചിമേഷ്യയിലെ സുരക്ഷാ സഹായത്തിനും പ്രവർത്തനങ്ങൾക്കുമായി യുഎസ് ഏകദേശം 10 ബില്യൺ യുഎസ് ഡോളറിലേറെ ചെലവഴിച്ചതായി പറയുന്നു.

ഓപ്പൺ സോഴ്‌സ് മെറ്റീരിയലിനെ ആശ്രയിച്ചാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ 2023 ഒക്ടോബർ മുതൽ ഇസ്രയേലിന് നൽകിയ സൈനിക സഹായത്തിന്റെ തുകയെക്കുറിച്ച് യു എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് കണക്കുകൾ പുറത്തുവന്നത്.

യുഎസ് സഹായമില്ലാതെ ഗാസയിൽ ഹമാസിനെതിരായ യുദ്ധം തുടരാൻ ഇസ്രയേലിന് സാധിക്കില്ലായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ ഉഭയകക്ഷി കരാറുകൾ പ്രകാരം ഇസ്രയേലിന് ഭാവിയിൽ പതിനായിരക്കണക്കിന് ഡോളർ ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ട്രംപിന്റെ സമ്മർദ്ദത്തെത്തുടർന്ന് ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രയേൽ ഹമാസ് അധികൃതർ ഈജിപ്തിൽ ചർച്ച ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യു എസ് മുന്നോട്ടു വെച്ച ഫോർമുല ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെയാണ് സമാധാനത്തിന് വഴിതെളിഞ്ഞത്.