ട്രംപ് ഇപ്പോഴും സുരക്ഷിതനല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

ട്രംപ് ഇപ്പോഴും സുരക്ഷിതനല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍


മോസ്‌കോ: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ ജീവന് ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വധ ശ്രമങ്ങള്‍ അതിജീവിച്ച ട്രംപ് ഇപ്പോഴും സുരക്ഷിതനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പുടിന്‍ പറഞ്ഞു.
ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണ്. എന്നാല്‍ വധശ്രമത്തിനു ശേഷം ട്രംപ് സുരക്ഷിതനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവുകള്‍ ഞെട്ടിച്ചെന്നും പുട്ടിന്‍ പറഞ്ഞു. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട ഡോണാള്‍ഡ് ട്രംപിന്റെ ചെവിയില്‍വെടിയേറ്റ് പരുക്കേറ്റിരുന്നു.
 
യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികള്‍ എങ്ങനെ വിമര്‍ശിച്ചുവെന്നത് തന്നെ കൂടുതല്‍ ഞെട്ടിച്ചുവെന്നും പുട്ടിന്‍ പറഞ്ഞു. റഷ്യയില്‍ കൊള്ളക്കാര്‍ പോലും അത്തരം രീതികള്‍ സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.