ലോസ്ഏഞ്ചല്‍സ്: ഗ്രാമി പുരസ്‌കാര സംഘാടകര്‍ ഇന്ത്യന്‍ തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനെ വിസ്മരിച്ചത് പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കി. അറുപത്തി ഏഴാമത് ഗ്രാമി പുരസ്‌കാര വേദിയിലെ അനുസ്മരണ സെഗ്മെന്റായ 'ഇന്‍ മെമോറിയം' പരിപാടിയിലാണ് സാക്കിര്‍ ഹുസൈന്‍ അവഗണിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രഗത്ഭരായ സംഗീതജ്ഞരെ അനുസ്മരിക്കുന്നതിനുള്ള പരിപാടിയാണ് ഇന്‍ മെമോറിയം. സക്കീര്‍ ഹുസൈന്‍ നാലു തവണയാണ് ഗ്രാമി പുരസ്‌കാരം നേടിയത്. സക്കീര്‍ ഹുസൈനെ അനുസ്മരണത്തില്‍ നിന്ന് ഒഴിവാക്കിയതിന് സംഘാടകര്‍ വിശദീകരണം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഒരേ വേദിയില്‍ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് സാക്കിര്‍ ഹുസൈന്‍. 2024 ഡിസംബര്‍ 15നാണ് അദ്ദേഹം യു എസില്‍ അന്തരിച്ചത്.
ആയിരക്കണക്കിന് ആരാധകരാണ് ഗ്രാമി സംഘാടകരുടെ അനീതിയെ സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായിട്ടു കൂടി എങ്ങനെയാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ തോന്നിയതെന്നാണ് പലരും ചോദിക്കുന്നത്. ഗ്രാമി സംഘാടകര്‍ക്കാണ് ഇതുകൊണ്ടുള്ള നാണക്കേടെന്നും ചിലര്‍ കുറിക്കുന്നു.
പാശ്ചാത്യലോകത്തിനു പുറത്തുള്ള സംഗീതജ്ഞര്‍ എത്ര പ്രഗല്‍ഭരായാലും അംഗീകരിക്കാനുള്ള ഗ്രാമി സംഘാടകരുടെ ബുദ്ധിമുട്ടാണ് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ലിയാം പൈന്‍, ക്രിസ് ക്രിസ്റ്റഫേഴ്‌സന്‍, സിസി ഹൂസ്റ്റണ്‍ തുടങ്ങിയവര്‍ക്കെല്ലാമുള്ള ആദരം ഇന്‍ മെമോറിയം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.