വാഷിംഗ്ടൺ: ഇന്ത്യയുടെയും സ്വിറ്റ്‌സർലൻഡിന്റെയും ഇറക്കുമതികളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന തീരുവ കുറയ്ക്കാൻ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്.
'ഇന്ത്യയുമായും സ്വിറ്റ്‌സർലൻഡുമായും ഞങ്ങൾ നല്ല ബന്ധമാണ് പുലർത്തുന്നത്. ഇരുരാജ്യങ്ങളുടെയും തീരുവകൾ കുറയ്ക്കാനുള്ള മാർഗങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്', ട്രംപ് പറഞ്ഞു.
ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം സ്വിറ്റ്‌സർലൻഡ് ഇറക്കുമതികൾക്ക് 39 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യയിലെ ചില ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വരെ വർധന നടപ്പിലാക്കിയിരുന്നു. തീരുവ കുറക്കാനുള്ള പുതിയ തീരുമാനം ഈ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കമായി കണക്കാക്കപ്പെടുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, അമേരിക്കയും സ്വിറ്റ്‌സർലൻഡും തമ്മിൽ തീരുവ 15 ശതമാനമായി കുറയ്ക്കാനുള്ള ധാരണയിലേക്ക് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയുമായുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്.
'ഇവിടെ ലക്ഷ്യം അമേരിക്കൻ വിപണി സംരക്ഷിക്കുന്നതോടൊപ്പം, നല്ല കൂട്ടുകാർക്കൊപ്പം നീതിയുള്ള വ്യാപാരബന്ധം ഉറപ്പാക്കുകയാണ്.' ട്രംപ് വ്യക്തമാക്കി.
സ്വിറ്റ്‌സർലൻഡിനും ഇന്ത്യയ്ക്കും പ്രധാന കയറ്റുമതി വിപണിയാണ് അമേരിക്ക. വാച്ച്, മെഷീൻ ടൂൾസ്, ഫാർമസ്യൂട്ടിക്കൽസ്, ടെക്‌സ്‌റ്റൈൽസ് തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും വലിയ പങ്ക് വഹിക്കുന്നത്.
ഇന്ത്യക്കും സ്വിറ്റ്‌സർലൻഡിനും തീരുവ കുറയ്ക്കൽ പരിഗണനയിലെന്ന് ട്രംപ്
