ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ടയ്ക്കു സമീപം ശക്തമായ സ്‌ഫോടനം. നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സുരക്ഷാ ഏജന്‍സികള്‍ പ്രദേശം വളഞ്ഞു. ഭീകരാക്രമണ സാധ്യത ഉള്‍പ്പെടെ എല്ലാ കോണുകളില്‍ നിന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടിട്ടുണ്ട്. സ്‌ഫോടനം ഡല്‍ഹി നഗരത്തില്‍ വന്‍ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്.
ചെങ്കോട്ടയുടെ പ്രധാന കവാടത്തില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ അകലെയുള്ള തിരക്കേറിയ റോഡരികിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന പ്രദേശം ഡല്‍ഹി മെട്രൊയുടെ വയലറ്റ് ലൈനിലെ ലാല്‍ കില മെട്രൊ സ്റ്റേഷന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണമായി കത്തിനശിക്കുകയും ഒരു കാറിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു പെട്ടിയിലോ ബാഗിലോ ആണ് സ്‌ഫോടകവസ്തു ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ ഡല്‍ഹി പൊലീസും ആന്റിി ടെററിസ്റ്റ് സ്‌ക്വാഡും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും സ്ഥലത്ത് തെരച്ചില്‍ നടത്തി. സ്‌ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ഡല്‍ഹിയില്‍ പൊതുസ്ഥലങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി.
