തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാന്‍ അഞ്ച് വര്‍ക്കാലം നല്‍കിയത് വ്യാജ നെയ്യെന്ന് സി ബി ഐയുടെ കണ്ടെത്തല്‍. 2019 മുതല്‍ 2024 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ 250 കോടി രൂപ വിലയുള്ള 68 ലക്ഷം കിലോഗ്രാം നെയ്യാണ് വ്യാജനെന്നാണ് കണ്ടെത്തല്‍.
ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി കമ്പനിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് വ്യാജ നെയ്യ് വിതരണം ചെയ്തത്.
സി ബി ഐ പ്രത്യേക അന്വേഷണ സംഘമാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്. ഭോലെ ബാബ ഡയറിയിലേക്ക് കെമിക്കല്‍ വിതരണം ചെയ്ത അജയ് കുമര്‍ സുഗന്ദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സി ബി ഐ അന്വേഷണം നടത്തിയത്. നെല്ലൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുള്ളത്.
പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് വ്യാജ നെയ് നിര്‍മാണ യൂണിറ്റ് തുടങ്ങിയത്. തുടര്‍ന്ന് വ്യാജ രേഖകള്‍ ചമയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. 2022ല്‍ ഭോലെ ബാബ ഓര്‍ഗാനിക് ഫാമിന് നെയ്യ് വിതരണം ചെയ്യുന്നതിലുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും മറ്റ് കമ്പനികളെ മറയാക്കി തിരുപ്പതി ക്ഷേത്രത്തിലേക്ക് ഇവര്‍ തന്നെ നെയ്യ് വിതരണം നടത്തുകയായിരുന്നു.
തിരുപ്പതിയിലെ വൈഷ്ണവി ഡയറി, യു പിയിലെ മല്‍ ഗംഗ, തമിഴ്‌നാട്ടിലെ എ ആര്‍ ഡയറി ഫുഡ്‌സ് തുടങ്ങിയ കമ്പനികളെ മറയാക്കിയാണ് വ്യാജ നെയ്യ് വിതരണം ചെയ്തത്.
എ ആര്‍ ഡയറി വഴി വിതരണം ചെയ്ത നാല് കണ്ടെയ്‌നര്‍ നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇത് വൈഷ്ണവി ഡയറിയിലൂടെ ക്ഷേത്രത്തിലേക്ക് തന്നെ തിരിച്ചെത്തി എന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
2024 സെപ്റ്റംബറില്‍ ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു മുന്‍ ഭരണകാലത്ത് തിരുപ്പതി തിരുമല ദേവസ്വം ലഡ്ഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
