വാഷിംഗ്ടണ്‍: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയ 2015ലെ ചരിത്രവിധിയെ പുന:പരിശോധിക്കണമെന്ന ആവശ്യം അമേരിക്കന്‍ സുപ്രിം കോടതി തിങ്കളാഴ്ച തള്ളി. കോടതി യാതൊരു അഭിപ്രായവും രേഖപ്പെടുത്താതെയാണ് കെന്റക്കിയിലെ മുന്‍ കൗണ്ടി ക്ലര്‍ക്കായ കിം ഡേവിസ് സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ചത്. ഒബര്‍ഗെഫെല്‍ വേഴ്‌സസ് ഹോഡ്ജസ് കേസില്‍ 2015ല്‍ സുപ്രിം കോടതി സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് വിവാഹാവകാശം ഭരണഘടനാപരമാണെന്ന് വിധിച്ചിരുന്നു.
പ്രസ്തുത വിധിക്ക് പിന്നാലെ ഡേവിസ് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് വിവാഹ ലൈസന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വലിയ വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് വിവാഹ ലൈസന്‍സ് നിഷേധിച്ചതിന് സ്വവര്‍ഗ വിവാഹിതരായ ഒരു ദമ്പതികള്‍ക്ക് നല്‍കേണ്ട 3.6 ലക്ഷം ഡോളര്‍ നഷ്ടപരിഹാരവും വക്കീല്‍ ചെലവും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ഡേവിസിന്റെ അഭിഭാഷകര്‍ സ്വവര്‍ഗ വിവാഹ വിധിയെ റദ്ദാക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്ന ജസ്റ്റിസ് ക്ലാരന്‍സ് തോമസ് നല്‍കിയ പ്രസ്താവനകളെ അടിസ്ഥാനമാക്കി വാദം ഉന്നയിച്ചു. തോമസ് 2015ലെ വിധിയിലെ നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു.
തോമസിനൊപ്പം അന്നത്തെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സും ജസ്റ്റിസ് സാമുവല്‍ അലിറ്റോയും വ്യത്യസ്താഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇവരില്‍ റോബര്‍ട്‌സും അലിറ്റോയും ഇപ്പോഴും കോടതിയിലുണ്ട്. റോബര്‍ട്‌സ് പിന്നീട് വിഷയത്തില്‍ മൗനം പാലിച്ചപ്പോള്‍ അലിറ്റോ കഴിഞ്ഞ കാലത്തും വിധിയെ വിമര്‍ശിച്ചെങ്കിലും അത് റദ്ദാക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു.
ജസ്റ്റിസ് ഏമി കോനി ബാരറ്റ് ചില തെറ്റായ വിധികളെ കോടതിക്ക് തിരുത്താനുള്ള അധികാരം ഉണ്ടെന്ന് മുന്‍പ് പരാമര്‍ശിച്ചിരുന്നു. 2022ല്‍ ഗര്‍ഭച്ഛിദ്രാവകാശം റദ്ദാക്കിയ വിധിയും അതിന്റെ ഉദാഹരണമാണ്.
എന്നാല്‍ ബാരറ്റ് അടുത്തിടെ വ്യക്തമാക്കിയതനുസരിച്ച് സ്വവര്‍ഗ വിവാഹം ഗര്‍ഭച്ഛിദ്ര വിഷയം പോലെ അല്ലെന്നും കാരണം ഈ വിധിയെ അടിസ്ഥാനമാക്കി നിരവധി പേര്‍ വിവാഹിതരായി കുടുംബങ്ങള്‍ രൂപീകരിച്ചുവെന്നും അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ക്യാമ്പെയ്ന്‍ പ്രസിഡന്റ് കെല്ലി റോബിന്‍സണ്‍ സുപ്രിം കോടതിയുടെ തീരുമാനം സ്വാഗതം ചെയ്തു.
ഭരണഘടനാപരമായ അവകാശങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് അതിന്റെ ഫലങ്ങള്‍ നേരിടേണ്ടി വരും എന്നതാണ് ഇന്ന് സുപ്രിം കോടതി വ്യക്തമാക്കിയ സന്ദേശമെന്ന് റോബിന്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
2015ല്‍ കെന്റക്കിയിലെ റൊവാന്‍ കൗണ്ടിയില്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹ ലൈസന്‍സ് നല്‍കാന്‍ ഡേവിസ് വിസമ്മതിച്ചതിലൂടെ അവര്‍ ദേശീയ ശ്രദ്ധ നേടി. തന്റെ മതവിശ്വാസം സുപ്രിം കോടതിയുടെ വിധി നടപ്പാക്കുന്നതില്‍ തടസ്സമാണെന്ന് അവര്‍ വാദിച്ചു.
കോടതി ഉത്തരവുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ജഡ്ജി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് കെന്റക്കി നിയമസഭ എല്ലാ കൗണ്ടി ക്ലര്‍ക്കുമാരുടെയും പേരുകള്‍ വിവാഹ ലൈസന്‍സുകളില്‍ നിന്ന് നീക്കുന്നതിനുള്ള നിയമം പാസാക്കി.
കിം ഡേവിസ് പിന്നീട് 2018ലെ കൗണ്ടി ക്ലര്‍ക്ക് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
