വാഷിംഗ്ടണ്‍: യു എന്‍ മുന്‍ അംബാസഡറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ നിക്കി ഹേലിയുടെ മകന്‍ നളിന്‍ ഹേലി അമേരിക്കയിലെ തൊഴില്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി നിയമാനുസൃതവും അനധികൃതവുമായ കുടിയേറ്റങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വംശജയാണ് നിക്കി ഹേലി.
അണ്‍ഹേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് നളിന്‍ ഹേലി അനധികൃത കുടിയേറ്റം മാത്രമല്ല നിയമാനുസൃത കുടിയേറ്റവും നിര്‍ത്തേണ്ട സമയമാണിതെന്ന് അഭിപ്രായപ്പെട്ടത്ത. അമേരിക്കയിലെ ഓരോ പൗരനും തൊഴിലും ആരോഗ്യ സേവനവും സ്ഥിരതയുള്ള ജീവിത സാഹചര്യങ്ങളും ലഭിക്കുന്നതുവരെ വിദേശസഹായങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
24 വയസുകാരനായ നളിന്‍ ഹേലിയുടെ പ്രസ്താവന യു എസിലെ കുടിയേറ്റ- തൊഴില്‍ വിഷയങ്ങളില്‍ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജനായിട്ടും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതാണ് ശ്രദ്ധേയമായത്.
വിവേക് രാമസ്വാമി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ നേതാക്കള്‍ അസ്തിത്വ രാഷ്ട്രീയത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ നളിന്‍ സോഷ്യല്‍ മീഡിയയില്‍ എച്ച് 1 ബി വിസകള്‍ അവസാനിപ്പിക്കണം എന്നാണ് പ്രതികരിച്ചത്.
എച്ച് 1 ബി വിസകള്‍ കൂടുതലായി ഇന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന യോഗ്യതയുള്ള തൊഴില്‍ വിദഗ്ധര്‍ക്കാണ് ലഭിക്കുന്നത്.
അമേരിക്കയുടെ വിദേശസഹായം നിര്‍ത്തണമെന്നും ഓരോ പൗരനും തൊഴില്‍, ഭവനം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നതുവരെ അത് തുടരുമെന്നുറപ്പാക്കണമെന്നും നളിന്‍ ഹേലി അഭിപ്രായപ്പെട്ടു.
മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയ്ന്‍ (മാഗ) പ്രസ്ഥാനത്തെ പിന്തുണക്കുന്ന നളിന്‍ അമേരിക്കയെ വെറുപ്പിക്കുന്നവര്‍ ഈ രാജ്യത്ത് താമസിക്കേണ്ടതില്ല എന്നും വ്യക്തമാക്കി.
അമേരിക്കയെ തുറന്നെതിര്‍ക്കുന്ന പൗരന്മാരെ രാജ്യം വിട്ടയക്കണമെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി. ഇത് താന്‍ തമാശയായി പറയുന്നതല്ലെന്നും സത്യമായി പറയുന്നതാണെന്നും ആരെങ്കിലും അമേരിക്കയെ വെറുപ്പിക്കുന്നുവെങ്കില്‍ അവര്‍ക്കു ഇവിടെ ജീവിക്കാനുള്ള അവകാശമില്ലെന്നും വിഷയം അത്ര സങ്കീര്‍ണ്ണമല്ലെന്നും നളിന്‍ പറഞ്ഞു.
മുതിര്‍ന്ന തലമുറയുടെ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള അത്യധികം ചര്‍ച്ചകള്‍ അനാവശ്യമായ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നുവെന്ന് നളിന്‍ ചൂണ്ടിക്കാട്ടി. അവര്‍ എല്ലായ്‌പ്പോഴും നിയമങ്ങള്‍, പ്രക്രിയകള്‍ എന്നിവയെ കുറിച്ച് സംസാരിക്കുന്നുവെങ്കിലും കാര്യങ്ങള്‍ അത്ര സങ്കീര്‍ണ്ണമല്ലെന്നും അമേരിക്ക ഇഷ്ടമില്ലെങ്കില്‍ ഇവിടെനിന്ന് പോകുകയെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ അനുഭവങ്ങളില്‍ നിന്നാണ് തന്റെ ക്രോധം വളര്‍ന്നതെന്നും തന്റെ സ്‌കൂള്‍ സുഹൃത്തുക്കളില്‍ എല്ലാവര്‍ക്കും കോളേജ് ബിരുദമുണ്ടെങ്കിലും വര്‍ഷങ്ങളായി ജോലി കിട്ടാത്ത അവസ്ഥയാണെന്നും നളിന്‍ പറഞ്ഞു. വിദേശ തൊഴിലാളികളുമായുള്ള മത്സരമാണ് ഈ പ്രതിസന്ധിയുടെ മുഖ്യകാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
