കാനഡയില്‍ 400,000 ഡോളര്‍ വിലമതിക്കുന്ന തപാല്‍ ഉരുപ്പടികള്‍ മോഷ്ടിച്ച 8 പഞ്ചാബികള്‍ പിടിയില്‍; 344 കുറ്റങ്ങള്‍ ചുമത്തി; പ്രതികളെ നാടുകടത്തിയേക്കും

കാനഡയില്‍ 400,000 ഡോളര്‍ വിലമതിക്കുന്ന തപാല്‍ ഉരുപ്പടികള്‍ മോഷ്ടിച്ച 8 പഞ്ചാബികള്‍  പിടിയില്‍; 344 കുറ്റങ്ങള്‍ ചുമത്തി; പ്രതികളെ നാടുകടത്തിയേക്കും


ഒട്ടാവ: കാനഡയില്‍ 400,000 ഡോളര്‍ വിലമതിക്കുന്ന തപാല്‍ ഉരുപ്പടികള്‍ മോഷ്ടിച്ച എട്ടംഗ സംഘം പിടിയിലായി. മിസിസാഗയില്‍ നിന്നും ബ്രാംപ്ടണില്‍ നിന്നുമുള്ള പഞ്ചാബികളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ചെക്കുകള്‍, സര്‍ക്കാര്‍ ഐഡികള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ മെയില്‍ബോക്‌സുകളില്‍ ലഭിച്ച വസ്തുക്കള്‍ എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

എട്ട് പുരുഷന്മാരായ പ്രതികള്‍ക്കെതിരെ ആകെ 344 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇവരെല്ലാം ഇന്ത്യന്‍ വംശജരാണെങ്കിലും, ചിലര്‍ വിദേശ പൗരന്മാരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു, മറ്റുള്ളവര്‍ കനേഡിയന്‍ പൗരന്മാരാണെന്ന് സൂചിപ്പിക്കുന്നു.
മിസിസാഗയില്‍ നിന്നുള്ള സുമന്‍പ്രീത് സിംഗ് (28), ഗുര്‍ദീപ് ചത്ത (29), ജഷന്‍ദീപ് ജത്താന (23),ബ്രാംപ്ടണില്‍ നിന്നുള്ള ഹര്‍മന്‍ സിംഗ് (28) ജസന്‍പ്രീത് സിംഗ് (21), മന്‍രൂപ് സിംഗ് (23), സ്ഥിര വിലാസമില്ലാത്ത രാജ്ബീര്‍ സിംഗ് (26),സ്ഥിര വിലാസമില്ലാത്ത ഉപീന്ദര്‍ജിത് സിംഗ് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഹാല്‍ട്ടണ്‍, പീല്‍ മേഖലകളില്‍ തുടര്‍ച്ചയായി മെയില്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പോലീസും കാനഡ പോസ്റ്റും സംയുക്ത അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. 'സെപ്റ്റംബര്‍ 8, 9 തീയതികളില്‍ മിസിസാഗയിലെ ഒന്നിലധികം വസതികളില്‍, പ്രത്യേകിച്ച് റൈന്‍ബാങ്ക് സ്ട്രീറ്റ്, ബ്രാന്‍ഡന്‍ ഗേറ്റ് ഡ്രൈവ്, ഡ്വിഗ്ഗിന്‍ അവന്യൂ, കിട്രിഡ്ജ് ഡ്രൈവ് എന്നിവിടങ്ങളില്‍ തിരച്ചില്‍ വാറണ്ടുകള്‍ നടപ്പിലാക്കിയെന്ന് പോലീസ് പറഞ്ഞു.

അന്വേഷണത്തില്‍ 400,000 ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന 450 ലധികം തപാല്‍ ഉരുപ്പടികള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. മോഷ്ടിച്ച തപാല്‍ വസ്തുക്കളില്‍ 255 ചെക്കുകള്‍, 182 ക്രെഡിറ്റ് കാര്‍ഡുകള്‍, 35 സര്‍ക്കാര്‍ ഐഡികള്‍, 20 ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു.