നാലു പതിറ്റാണ്ടായിട്ടും എയര്‍ ഇന്ത്യ കനിഷ്‌ക്ക ആക്രമണം 'സജീവമായി അന്വേഷിക്കുന്ന' കാനഡ

നാലു പതിറ്റാണ്ടായിട്ടും എയര്‍ ഇന്ത്യ കനിഷ്‌ക്ക ആക്രമണം 'സജീവമായി അന്വേഷിക്കുന്ന' കാനഡ


ഒന്റാരിയോ: എയര്‍ ഇന്ത്യയുടെ കനിഷ്‌ക്ക വിമാനം ബോംബ് വെച്ചു തകര്‍ത്ത സംഭവത്തിന് നാലു പതിറ്റാണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണം കാനഡ സജീവമായി തുടരുകയാണ്. 

ഖാലിസ്ഥാനുമായി ബന്ധമുള്ള ഭീകരര്‍ ബോംബ് സ്ഫോടനം നടത്തിയ സംഭവത്തില്‍ അന്വേഷണം സജീവമാണെന്നും തുടരുമെന്നും വ്യക്തമാക്കി കാനഡയിലെ നിയമപാലകര്‍ പ്രസ്താവന പുറപ്പെടുവിച്ചു. കനിഷ്‌ക്ക ദുരന്തത്തിന്റെ 39-ാം വാര്‍ഷികമാണ് ഇപ്പോള്‍ ആചരിക്കുന്നത്. 

രാജ്യത്തിന്റെ ചരിത്രത്തില്‍ കാനഡക്കാര്‍ ഉള്‍പ്പെട്ടതും ബാധിച്ചതുമായ ഏറ്റവും വലിയ ഭീകരതയുമായി ബന്ധപ്പെട്ട ജീവഹാനിയുടെ ആഘാതം കുറഞ്ഞിട്ടില്ലെന്നും 1985 ജൂണ്‍ 23ന് നടന്ന ബോംബാക്രമണം മൂലമുണ്ടായ ആഘാതം തലമുറകളെയാണ് ബാധിച്ചതെന്നും ആര്‍ സി എം പി നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ ആഭ്യന്തര തീവ്രവാദ അന്വേഷണമാണ് എയര്‍ ഇന്ത്യ കനിഷ്‌ക്ക ദുരന്തമെന്നും അത് തുടരുകയാണെന്നും പസഫിക് മേഖലയിലെ ഫെഡറല്‍ പൊലീസിംഗ് പ്രോഗ്രാമിന്റെ കമാന്‍ഡര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡേവിഡ് ടെബൗള്‍ പറഞ്ഞു.

ടോറന്റോ, മോണ്‍ട്രിയല്‍, വാന്‍കൂവര്‍, ഒട്ടാവ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇരകളുടെ നാല് സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം കാനഡയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വര്‍ഷങ്ങളായി സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാനും അന്വേഷിക്കാനും ഇത്രയധികം ചെയ്ത എല്ലാവരോടും അഭിനന്ദനം അറിയിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

1985 ജൂണ്‍ 23ന് കാനഡയില്‍ നിന്ന് ലണ്ടന്‍ വഴി ഇന്ത്യയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ഐറിഷ് തീരത്താണ് പൊട്ടിത്തെറിച്ചത്. വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും ജീവനക്കാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച ബോംബാണ് സ്‌ഫോടനത്തിന് കാരണമായത്. ഇതേ വിമാനത്തില്‍ ടിക്കറ്റെടുത്തയാള്‍ കയറിയില്ലെങ്കിലും സ്യൂട്ട്‌കേസ് കയറിയിരുന്നു. കൊല്ലപ്പെട്ടവരില്‍ 268 പേര്‍ ഇന്ത്യന്‍ വംശജരായ കാനഡക്കാരും 24 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. കടലില്‍ നിന്നും 131 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. 

ടാസ്‌ക് ഫോഴ്സിന്റെ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ ദുരന്തവുമായി ബന്ധപ്പെട്ട് ബോംബ് നിര്‍മ്മാതാവ് ഇന്ദര്‍ജിത് സിംഗ് റിയാത്ത് മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2017 ഫെബ്രുവരിയില്‍ ശിക്ഷയുടെ പകുതിയാകുമ്പോഴേക്കും ജയില്‍ മോചിതനായ അദ്ദേഹം കാനഡയുടെ പരോള്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തന്റെ കുടുംബ വീട്ടിലേക്ക് മടങ്ങി.

ലോകത്തിലെ ഏറ്റവും ഭയാനകമായ വ്യോമയാന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഏക വ്യക്തിയാണ് റിയാത്ത്. 

ജപ്പാന്‍ ബോംബിംഗിലെ പങ്കിന് 1991 മുതല്‍ യു കെയില്‍ പത്ത് വര്‍ഷം ജയിലില്‍ കിടന്ന റിയാത്ത് 2003-ല്‍ കാനഡ കോടതിയില്‍ കനിഷ്‌ക ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട നരഹത്യയ്ക്ക് കുറ്റസമ്മതം നടത്തി. 

മിസ്റ്റര്‍ എക്സ് എന്ന് വിളിക്കപ്പെടുന്ന വ്യക്തി ഉള്‍പ്പെടെ മൂന്ന് വ്യക്തികളെയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിക്കുന്നതിന് റിയാത്തിനെ സഹായിക്കാന്‍ ഇയാള്‍ ഒരാഴ്ച ചെലവഴിച്ചിരുന്നു. 2005ലെ ഒരു വിധിയില്‍, ബ്രിട്ടീഷ് കൊളംബിയയിലെ സുപ്രിം കോടതിയിലെ ജസ്റ്റിസ് ഐബി ജോസഫ്‌സണ്‍ അക്രമാസക്തമായ വിഘടനവാദ ഖലിസ്ഥാന്‍ പ്രസ്ഥാനമാണ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു.

തല്‍വീന്ദര്‍ സിംഗ് പര്‍മയാണ് ഗൂഢാലോചനയിലെ നേതാവാണെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും തിരിച്ചറിഞ്ഞത്.

റിട്ടയേര്‍ഡ് ജസ്റ്റിസ് ജോണ്‍ മേജറിന്റെയും ഇപ്പോള്‍ ഐക്യരാഷ്ട്രസഭയിലെ കാനഡയുടെ സ്ഥിരം പ്രതിനിധിയായ ബോബ് റേയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണങ്ങളില്‍ ഈ വസ്തുതകള്‍ വീണ്ടും സ്ഥിരീകരിച്ചിരുന്നു.

നാലു പതിറ്റാണ്ടായിട്ടും എയര്‍ ഇന്ത്യ കനിഷ്‌ക്ക ആക്രമണം \'സജീവമായി അന്വേഷിക്കുന്ന\' കാനഡ