ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കാനഡയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25% താരിഫ് പ്രഖ്യാപനത്തോട് പ്രതികരിച്ച് ലിബറല്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാര്‍ക്ക് കാര്‍ണി. രാജ്യം ഒറ്റക്കെട്ടായി നിന്ന് ട്രംപിന്റെ ഭീഷണിയെ നേരിടുമെന്ന് കാര്‍ണി പറഞ്ഞു.
കാനഡ 'യുഎസ് താരിഫുകള്‍ക്ക് ഡോളറിന് തുല്യമായ തുക' നല്‍കുമെന്ന് 59 കാരനായ കാര്‍ണി ബിബിസി ന്യൂസ് നൈറ്റിനോട് പറഞ്ഞു.
ശനിയാഴ്ച വൈറ്റ് ഹൗസ് കനേഡിയന്‍ ഇറക്കുമതിക്ക് 25% താരിഫ് ചുമത്തിയതിനൊപ്പം, മെക്‌സിക്കോയ്ക്ക് 25% ഉം ചൈനയ്ക്ക് 10% ഉം താരിഫ് പ്രഖ്യാപിച്ചു.
ട്രൂഡോയുടെ പിന്‍ഗാമിയായി കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതാവും അടുത്ത പ്രധാനമന്ത്രിയുമാകാന്‍ ജനുവരിയില്‍ മത്സര രംഗത്തുവന്ന കാര്‍ണി, ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറാണ്.
മത്സരരംഗത്തുള്ള അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ കാര്‍ണിക്കാണ് ലിബറല്‍ എംപിമാരില്‍ ഏറ്റവും വലിയ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടുള്ളത്.
നേതൃത്വ മത്സരം മാര്‍ച്ച് 9 ന് അവസാനിക്കും.
നേതൃമത്സരത്തില്‍ വിജയിക്കുന്നയാള്‍ പ്രധാനമന്ത്രിയായും പാര്‍ട്ടി നേതാവായും ഒമ്പത് വര്‍ഷത്തെ ഭരണത്തിന് ശേഷം ജനുവരിയില്‍ രാജിവെക്കാന്‍ തീരുമാനിച്ച ട്രൂഡോയ്ക്ക് പകരക്കാരനാകും.
ഒക്ടോബര്‍ 20-നോ അതിനുമുമ്പോ പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ കാനഡ ഒരു ഫെഡറല്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ ലിബറല്‍ പാര്‍ട്ടി പ്രതിപക്ഷത്തുള്ള കണ്‍സര്‍വേറ്റീവുകളെക്കാള്‍ പിന്നിലാണ്.
'തന്റെ ഭീഷണികള്‍ക്ക് കാനഡ വഴങ്ങുമെന്നാണ് പ്രസിഡന്റ് ട്രംപ് കാനഡ കരുതുന്നത്' താരിഫ് പ്രഖ്യാപനത്തിന് മറുപടിയായി, കാര്‍ണി ബിബിസി ന്യൂസ് നൈറ്റിനോട് പറഞ്ഞു.
'എന്നാല്‍ ഞങ്ങള്‍ ഒരു ഭീഷണിയെ നേരിടും, ഞങ്ങള്‍ പിന്നോട്ട് പോകില്ല,' അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കാനഡ ഒറ്റക്കെട്ടാണെന്നും തിരിച്ചടിക്കുമെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു.
താരിഫുകള്‍ ലോകമെമ്പാടുമുള്ള യുഎസിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ കൂടിയായ കാര്‍ണി പറഞ്ഞു.
പുതിയ താരിഫ് വളര്‍ച്ചയെ ബാധിക്കും. അവ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കും. അവ പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദശാബ്ദത്തിനുള്ളില്‍ യുഎസ് അവരുടെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയുമായുള്ള ഒരു വ്യാപാര കരാര്‍ പൊളിച്ചുമാറ്റുന്നത് രണ്ടാം തവണയാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020-ല്‍, ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ കാലാവധിയുടെ അവസാനത്തോടെയാണ്, യുഎസ്-മെക്‌സിക്കോ-കാനഡ കരാര്‍ (യുസിഎംസിഎ) പ്രാബല്യത്തില്‍ വന്നത്. 1990-കള്‍ മുതല്‍ നിലവിലുണ്ടായിരുന്ന മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള കരാറായ നാഫ്റ്റയുടെ പുതുക്കിയ രൂപമായിരുന്നു യുസിഎംസിഎ.
പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകള്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയില്‍ ഉടനടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം അമേരിക്കക്കാരെ വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും.
ട്രംപിന്റെ സാമ്പത്തിക കാഴ്ചപ്പാടുകളുടെ ഒരു കേന്ദ്ര ഭാഗമാണ് താരിഫ് വര്‍ധനകള്‍. യുഎസ് സമ്പദ്വ്യവസ്ഥ വളര്‍ത്തുന്നതിനും തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിനും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഒരു മാര്‍ഗമായിട്ടാണ് അദ്ദേഹം അവയെ കാണുന്നത്.
പുതിയ താരിഫുകള്‍ക്കെതിരെ കാനഡയുടെ പ്രതികരണം 'ശക്തവും' 'വേഗത്തിലും' ആയിരിക്കുമെന്ന് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു.
കനേഡിയന്‍ എണ്ണയ്ക്ക് 10% കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു, ഇത് ഫെബ്രുവരി 18 മുതല്‍ പ്രാബല്യത്തില്‍ വരും.
യൂറോപ്യന്‍ യൂണിയനില്‍ ഭാവിയില്‍ തീരുവ ചുമത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു, ഇ. യു ബ്ലോക്ക് യുഎസിനോട് പെരുമാറുന്നത് ശരിയായ രീതിയില്‍ അല്ലെന്നാണ് ഇതിനുകാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്.
ട്രംപിന്റെ താരിഫ് ഭീഷണിയെ നേരിടുമെന്ന് കാനഡയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കാര്‍ണി