ട്രംപിന്റെ തീരുവ നയം: കാനഡ സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയിലേക്ക്

ട്രംപിന്റെ തീരുവ നയം: കാനഡ സമ്പദ്‌വ്യവസ്ഥ തളര്‍ച്ചയിലേക്ക്


ഓട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കിയ പുതിയ തീരുവ (താരിഫ്) നയങ്ങള്‍ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ കുലുക്കിത്തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കടുത്ത സമ്മര്‍ദ്ദത്തിലായതോടെ കാനഡയുടെ കയറ്റുമതി മേഖലയും നിര്‍മ്മാണ മേഖലയുമാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്.

ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം പ്രഖ്യാപിച്ച സ്റ്റീല്‍, അലുമിനിയം, വാഹന ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള അധിക തീരുവകള്‍ മൂലം കാനഡന്‍ കമ്പനികളുടെ ഉത്പാദനച്ചെലവ് കുത്തനെ ഉയര്‍ന്നു. കയറ്റുമതി നിയന്ത്രണങ്ങളും നിക്ഷേപ മന്ദതയും ചേര്‍ന്നതോടെ വ്യവസായ മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

'അമേരിക്കന്‍ വിപണി കാനഡയുടെ ഏറ്റവും വലിയ ഉപഭോക്തൃമേഖലയാണ്. അവിടെ നിക്ഷേപ അനിശ്ചിതത്വം വര്‍ധിക്കുന്നതോടെ കാനഡ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് ടൊറോന്റോ സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ മാര്‍ക്ക് കാള്‍സണ്‍ പറഞ്ഞു.

വ്യവസായതൊഴിലാളി മേഖലയില്‍ പ്രതിസന്ധി

ഓട്ടോമൊബൈല്‍ മേഖലയാണ് തീരുവയുടെ ഏറ്റവും വലിയ ഇര. ഒന്റാറിയോയിലെ പ്രധാന കാര്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ ഉത്പാദനം കുറയ്ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സ്റ്റീല്‍, അലുമിനിയം, മെഷീനറി മേഖലകളിലും ഓര്‍ഡറുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാനഡന്‍ സര്‍ക്കാര്‍ ആഭ്യന്തര സഹായപദ്ധതികളിലൂടെ നഷ്ടപരിഹാരം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ദീര്‍ഘകാലത്തില്‍ അത് സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ട്രംപിന്റെ നിലപാട്

ട്രംപ്, അമേരിക്കന്‍ ഉത്പാദകരെ സംരക്ഷിക്കാനുള്ള നടപടികളാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'അമേരിക്ക ആദ്യം' (America First) എന്ന മുദ്രാവാക്യം ആവര്‍ത്തിച്ച അദ്ദേഹം കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനീതികരമായ വ്യാപാരനടപടികള്‍ പിന്തുടരുന്നതായി ആരോപിച്ചു.

എന്നാല്‍, ട്രംപിന്റെ ആരോപണത്തോട് പ്രതികരിച്ച് കാനഡന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പ്രതികരിച്ചു.

'ഇത് നമ്മുടെ തൊഴില്‍ മേഖലയെയും നിക്ഷേപാശയവിനിമയങ്ങളെയും നേരിട്ട് ബാധിക്കുന്നു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴും, കാനഡയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.'

മന്ദഗതിയിലേക്കോ?

കാനഡന്‍ ഡോളറിന്റെ മൂല്യം അടുത്തിടെ താഴ്ന്നതും, വ്യവസായ വളര്‍ച്ച കുറഞ്ഞതും രാജ്യത്തെ മന്ദഗതിയിലേക്ക് നയിക്കുന്നതിന്റെ സൂചനകളായി സാമ്പത്തിക നിരീക്ഷകര്‍ കാണുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 1.2 ശതമാനത്തിലേക്ക് താഴാമെന്നാണു വിലയിരുത്തല്‍.

ട്രംപ് തുടങ്ങിവെച്ച്  വ്യാപാരരംഗത്തെ 'താരിഫ് യുദ്ധം' മൊത്തത്തില്‍ ഇരുരാജ്യങ്ങളെയും ബാധിച്ചേക്കാമെന്ന ഭയം വര്‍ധിച്ചിരിക്കുകയാണ്.