വാന്‍കൂവറില്‍ കാര്‍ ലാപു ലാപു ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒന്‍പത് പേര്‍ മരിച്ചു

വാന്‍കൂവറില്‍ കാര്‍ ലാപു ലാപു ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒന്‍പത് പേര്‍ മരിച്ചു


വാന്‍കൂവര്‍: ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. 

വാന്‍കൂവറില്‍ നടന്ന ലാപുലാപു ആഘോഷത്തില്‍ പങ്കെടുത്തവരുടെ നേര്‍ക്കാണ് ശനിയാഴ്ച രാത്രിയോടെ കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി വാന്‍കൂര്‍ പൊലീസ് വ്യക്തമാക്കി. ഈസ്റ്റ് 41ല്‍ അവന്യൂ ആന്റ് ഫ്രേസര്‍ സ്ട്രീറ്റില്‍ പ്രാദേശിക സമയം രാത്രി എട്ടു മണിയോടെ ഡ്രൈവര്‍ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് കയറ്റുകയായിരുന്നുവെന്ന് പൊലീസുകാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഏകദേശം മുപ്പത് വയസ് പ്രായം വരുന്ന വാന്‍കൂവര്‍ സ്വദേശിയാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം നടുക്കമുളവാക്കുന്നതാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാമെന്നും കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍നി പ്രതികരിച്ചു.

ലാലു ലാപു ആഘോഷത്തിനിടെ നടന്ന സംഭവം ഭയാനകമാണെന്ന് വാന്‍കൂവര്‍ മേയര്‍ കെന്‍ സിം പ്രസ്താവനയില്‍ പറഞ്ഞു. ഫിലിപ്പിനോ തെരുവ് ആഘോഷമാണ് ലാപു ലാപു. 

വംശീയ ആക്രമണമാണോ ഭീകരാക്രമണമാണോ തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദവിവരങ്ങള്‍ ലഭ്യമാകുന്നത് അനുസരിച്ച് പങ്കുവയ്ക്കുമെന്നും വാന്‍കൂവര്‍ പൊലീസിന്റെ ട്വീറ്റില്‍ വ്യക്തമാക്കി.

കറുത്ത നിറത്തിലുള്ള വാഹനം നിയന്ത്രണംവിട്ട രീതിയില്‍ ആഘോഷത്തിലേക്ക് പാഞ്ഞുകയറുകയും ജനക്കൂട്ടം പരിഭ്രാന്തരാവുകയും ചെയ്തതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് പേരാണ് ആഘോഷത്തിലുണ്ടായിരുന്നതെന്ന് ദി വാന്‍കൂവര്‍ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വാന്‍കൂവറില്‍ കാര്‍ ലാപു ലാപു ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒന്‍പത് പേര്‍ മരിച്ചു