കാനഡയിലെ മദ്യശാലകളിലിനി യു എസ് മദ്യമില്ല; പിന്‍വലിക്കാന്‍ പ്രീമിയര്‍മാരുടെ ആഹ്വാനം

കാനഡയിലെ മദ്യശാലകളിലിനി യു എസ് മദ്യമില്ല; പിന്‍വലിക്കാന്‍ പ്രീമിയര്‍മാരുടെ ആഹ്വാനം


ഒന്റാരിയോ: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കാനഡക്കെതിരെ ചുമത്തുന്ന താരിഫിനുള്ള പ്രതികരണമായി ഒന്റാരിയോ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ (എല്‍ സി ബി ഒ) നിന്നും യു എസ് മദ്യം പിന്‍വലിക്കാന്‍ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ആവശ്യപ്പെട്ടു. 

ട്രംപിന്റെ താരിഫുകള്‍ക്കെതിരെ 155 ബില്യണ്‍ ഡോളറിന്റെ കൗണ്ടര്‍ താരിഫുകള്‍ ഏര്‍പ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിരിച്ചടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫോര്‍ഡ് പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. 

പ്രതിവര്‍ഷം ഒന്റാരിയോ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡിലൂടെ ഏകദേശം ഒരു ബില്യന്‍ ഡോളറിന്റെ അമേരിക്കന്‍ വൈന്‍, ബിയര്‍, സ്പിരിറ്റ്, സെല്‍റ്റ്സറുകളാണ് കാനഡയില്‍ വില്‍പ്പന നടത്തുന്നത്. ഇനിമുതല്‍ കാര്യങ്ങള്‍ അങ്ങനെയായിരിക്കില്ലെന്ന് ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 

ചൊവ്വാഴ്ച മുതല്‍ എല്‍സിബിഒ ഷെല്‍ഫുകളില്‍ നിന്ന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ നീക്കം ചെയ്യുമെന്നും പ്രവിശ്യയിലെ മദ്യത്തിന്റെ ഏക മൊത്തവ്യാപാരി എന്ന നിലയില്‍ ഒന്റാറിയോ ആസ്ഥാനമായുള്ള റെസ്റ്റോറന്റുകള്‍ക്കും റീട്ടെയിലര്‍മാര്‍ക്കും യു എസ് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനോ സ്റ്റോക്ക് ചെയ്യാനോ കഴിയാത്തവിധം എല്‍സിബിഒ അമേരിക്കന്‍ ഉത്പന്നങ്ങള്‍ കാറ്റലോഗില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

ഒന്റാറിയോയില്‍ നിര്‍മ്മിച്ചതോ കനേഡിയന്‍ നിര്‍മ്മിതമോ ആയ ഉത്പന്നം തിരഞ്ഞെടുക്കാന്‍ ഇതിലും നല്ല സമയം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും എല്ലായ്പ്പോഴും എന്നപോലെ ഉത്തരവാദിത്വത്തോടെ കുടിക്കണമെന്നും ഫോര്‍ഡ് പറഞ്ഞു. 

മദ്യം വാങ്ങുന്നവരില്‍ ലോകത്തില്‍ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് എല്‍സിബിഒ.

യു എസ് പ്രസിഡന്റായി ട്രംപ് രണ്ടാമതും സ്ഥാനമേറ്റെടുത്ത അതേ ദിവസം തന്നെ ടൊറന്റോയില്‍ നടന്ന റൂറല്‍ ഒന്റാറിയോ മുനിസിപ്പല്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തിലും സമ്മേളനത്തിലും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത ഫോര്‍ഡ്  യു എസ് ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യം സൂചിപ്പിച്ചിരുന്നു. 

കാനഡയുടെ പ്രതികാര നടപടികളില്‍ ചൊവ്വാഴ്ച മുതല്‍ 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ക്ക് ഉടനടി താരിഫ് ഏര്‍പ്പെടുത്തുമെന്നും തുടര്‍ന്ന് 21 ദിവസത്തിനുള്ളില്‍ 125 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നും ട്രൂഡോ പറഞ്ഞിരുന്നു. 

ചൊവ്വാഴ്ച മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നുള്ള എല്ലാ മദ്യവും ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ നോവസ്‌കോഷ്യ മദ്യ കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചതായി നോവ സ്‌കോഷിയ പ്രീമിയര്‍ ടിം ഹ്യൂസ്റ്റണ്‍ പറഞ്ഞു.

ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി അമേരിക്കന്‍ മദ്യം വാങ്ങുന്നത് നിര്‍ത്താന്‍ ബിസി മദ്യശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു.

കാനഡയിലെ മദ്യശാലകളിലിനി യു എസ് മദ്യമില്ല; പിന്‍വലിക്കാന്‍ പ്രീമിയര്‍മാരുടെ ആഹ്വാനം