താരിഫ് യുദ്ധത്തില്‍ കാനഡയുടെ ലക്ഷ്യത്തില്‍ ടെസ്‌ലയും

താരിഫ് യുദ്ധത്തില്‍ കാനഡയുടെ ലക്ഷ്യത്തില്‍ ടെസ്‌ലയും


ടൊറന്റോ: യു എസും കാനഡയും തമ്മിലുള്ള താരിഫ് തര്‍ക്കത്തില്‍ ടെസ്ലക്കെതിരെയും നടപടികള്‍. കാനഡയുടെ മുന്‍ ധനമന്ത്രിയും നിലവിലെ ലിബറല്‍ പാര്‍ട്ടി നേതൃത്വ മത്സരാര്‍ഥിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡാണ് ടെസ്‌ലക്കെതിരെ മികച്ച പ്രതികാര നടപടി നിര്‍ദ്ദേശിച്ചത്. 

യു എസ് പ്രസിഡന്റ് ട്രംപ് കനേഡിയന്‍, മെക്‌സിക്കന്‍ ഇറക്കുമതികള്‍ക്ക് ചുമത്തിയിരിക്കുന്ന താരിഫുകള്‍ക്ക് നേരിട്ടുള്ള പ്രതികരണമായി ടെസ്ല ഉള്‍പ്പെടെ തെരഞ്ഞെടുത്ത അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുകയെന്നതാണ് നിര്‍ദ്ദേശം. 

ദി കനേഡിയന്‍ പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രീലാന്‍ഡ് തന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ ലക്ഷ്യങ്ങള്‍ വ്യക്തവും കൃത്യവുമായിരിക്കണമെന്ന് അവര്‍ പറഞ്ഞു. ഇതിലൂടെ സാമ്പത്തികമായും വ്യക്തിപരമായും പ്രതികാരം നിര്‍വഹിക്കാമെന്നും ഫ്രീലാന്‍ഡ് പറഞ്ഞു. 

ട്രംപിന് സാമ്പത്തികവും പ്രവര്‍ത്തനപരവുമായ പിന്തുണ നല്‍കുന്ന എലോണ്‍ മസ്‌കിന് എതിരെയുള്ള നീക്കമായാണ് ടെസ്ലയെ ഉള്‍പ്പെടുത്തിയത്. ട്രംപിനെ ആരാണ് പിന്തുണയ്ക്കുന്നതെന്നും കാനഡയ്ക്കെതിരായ താരിഫ് ആക്രമണത്തിന് അവര്‍ എങ്ങനെ വില നല്‍കേണ്ടതുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. 

കാനഡയില്‍ വില്‍ക്കുന്ന ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ പ്രധാനമായും യു എസിലും ചൈനയിലുമാണ് നിര്‍മ്മിക്കുന്നത്. താരിഫ് ഏര്‍പ്പെടുത്തുന്നതിലൂടെ അവയുടെ വില ഉയരുകയും അത് കാനഡയില്‍ മറ്റ് വാഹന നിര്‍മാതാക്കളിലേക്ക് ഉപഭോക്താക്കളെ നയിക്കുകയും ചെയ്യും. കാനഡയുടെ ഇവി വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന ടെസ്ലയ്ക്ക് ഇത് വലിയ തിരിച്ചടിയാണ് നല്‍കുക. മോഡല്‍ വൈ, മോഡല്‍ 3 എന്നിവ വില്‍പ്പനയില്‍ മുന്നിലാണ്.

ട്രംപ് നടത്തുന്ന സാമ്പത്തിക ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ട്രൂഡോ മന്ത്രിസഭയിലെ ധനമന്ത്രി സ്ഥാനം ഫ്രീലാന്‍ഡ് രാജിവെച്ചത്. നിലവില്‍ ലിബറല്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ഫ്രീലാന്‍ഡ് തന്റെ നേതൃത്വ പ്രചാരണത്തിന് ഈ വിഷയം ഉപയോഗപ്പെടുത്തുകയാണ്. 

അനിശ്ചിതത്വത്തില്‍ വാഹനമോടിക്കാനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ അതിനെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്താമെന്നുമാണ് ഫ്രീലാന്‍ഡ് പറയുന്നത്. യു എസ് കാനഡയ്‌ക്കെതിരെ താരിഫ് പ്രയോഗിക്കുമ്പോള്‍ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കുന്ന ചില കാര്‍ഡുകള്‍ തങ്ങളും മുമ്പോട്ട് വെക്കണമെന്നും ഫ്രീലാന്‍ഡ് പറഞ്ഞു. 

കാനഡയില്‍ യു എസ് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന കുറയുന്നത് അവരെ വലിയ രീതിയില്‍ ബാധിക്കും. 2024 മൂന്നാം പാദത്തില്‍ യു എസില്‍ എട്ട് ശതമാനം ഇലക്ട്രിക്ക് വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ട സ്ഥാനത്ത് കാനഡയിലെ നിരക്ക് 17 ശതമാനമായിരുന്നു. ക്യൂബെക്കിന്റെ വൈദ്യുത വാഹന പ്രോത്സാഹനങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. അതോടെ ടെസ്ലയുടെ ആധിപത്യം കൂടുതല്‍ വ്യക്തമായി. 

ട്രംപിന്റെ നയങ്ങള്‍ അതിര്‍ത്തി രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുമ്പോള്‍ കാനഡ ഇനി നയതന്ത്ര ബന്ധങ്ങളില്‍ മാത്രം പ്രതികരണം ഒതുക്കാനല്ല ആഗ്രഹിക്കുന്നത്. ട്രംപിന്റെ രാഷ്ട്രീയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകളെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നു. പ്രതികാര നടപടിയില്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിക്കുന്നത് ടെസ്ലയാണെന്ന് മാത്രം.

താരിഫ് യുദ്ധത്തില്‍ കാനഡയുടെ ലക്ഷ്യത്തില്‍ ടെസ്‌ലയും