ഒട്ടാവ: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ തീരുവകള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ട്രംപിന്റെ നടപടികള്‍ അമേരിക്കക്കാര്‍ക്ക് യഥാര്‍ഥ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ട്രൂഡോ മുന്നറിയിപ്പ് നല്‍കി.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കര അതിര്‍ത്തി പങ്കിടുന്ന ദീര്‍ഘകാല സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധം നിലവില്‍ താഴ്ന്ന നിലയിലാണഉള്ളത്. 155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ (107 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള യുഎസ് സാധനങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുകയാണെന്ന് ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ട്രംപിന്റെ താരിഫുകള്‍ പ്രാബല്യത്തില്‍ വരുന്ന ചൊവ്വാഴ്ച 30 ബില്യന്‍ ഡോളറിന്റെ കാനഡയുടെ താരിഫും പ്രാബല്യത്തില്‍ വരും. ശേഷിക്കുന്ന 125 ബില്യണ്‍ കനേഡിയന്‍ ഡോളറിന് 21 ദിവസത്തിനുള്ളില്‍ തീരുവ ചുമത്തുമെന്ന് ട്രൂഡോ പറഞ്ഞു.
കനേഡിയന്‍, മെക്‌സിക്കന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനവും തീരുവ ചുമത്താന്‍ ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രഖ്യാപനം വന്നത്. ഇത് ആഗോള വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും പണപ്പെരുപ്പം വീണ്ടും ഉയര്‍ത്തുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യ്ക്തമാക്കി. വ്യാപാര യുദ്ധത്തിനാണ് സാധ്യതയെന്ന് ട്രൂഡോ പറഞ്ഞു.
കാനഡയില്‍ നിന്നുള്ള എല്ലാ ഊര്‍ജ്ജ ഇറക്കുമതിക്കും 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ ബിയര്‍, വൈന്‍, ബര്‍ബണ്‍ എന്നിവയും ട്രംപിന്റെ സ്വന്തം സംസ്ഥാനമായ ഫ്‌ളോറിഡയില്‍ നിന്നുള്ള ഓറഞ്ച് ജ്യൂസ് ഉള്‍പ്പെടെയുള്ള പഴങ്ങളും പഴച്ചാറുകളും തീരുവയില്‍ ഉള്‍പ്പെടുമെന്ന് ട്രൂഡോ പറഞ്ഞു. വസ്ത്രങ്ങള്‍, കായിക ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളും കാനഡ ലക്ഷ്യമിടുന്നു.
കാനഡക്കാര്‍ക്ക് വരും ആഴ്ചകള്‍ ബുദ്ധിമുട്ടായിരിക്കുമെങ്കിലും ട്രംപിന്റെ നടപടികളില്‍ അമേരിക്കക്കാരും കഷ്ടപ്പെടുമെന്ന് ട്രൂഡോ പറഞ്ഞു.
'കാനഡയ്ക്കെതിരായ തീരുവകള്‍ നിങ്ങളുടെ ജോലികളെ അപകടത്തിലാക്കും, അമേരിക്കന്‍ ഓട്ടോ അസംബ്ലി പ്ലാന്റുകളും മറ്റ് നിര്‍മ്മാണ സൗകര്യങ്ങളും അടച്ചുപൂട്ടാന്‍ സാധ്യതയുണ്ട്,' ഒട്ടാവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ യു എസ് പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ട്രൂഡോ പറഞ്ഞു.
'പലചരക്ക് കടയിലെ വിലയും പമ്പിലെ ഗ്യാസ് ഉള്‍പ്പെടെയുള്ള ചെലവുകളും അവര്‍ നിങ്ങള്‍ക്കായി വര്‍ധിപ്പിക്കും.'
നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജ സംഭരണം, മറ്റ് പങ്കാളിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട താരിഫ് ഇതര നടപടികള്‍ കാനഡ പരിഗണിക്കുന്നുണ്ടെന്ന് ട്രൂഡോ പറഞ്ഞു.