ഒട്ടാവ: തന്തൂരി ഫ്‌ളേം റെസ്റ്റോറന്റിന് പുറത്ത് ജോലി അഭിമുഖങ്ങള്‍ക്കായി കാത്തിരിക്കുന്ന ഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നീണ്ട നിരയുടെ വീഡിയോ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വെയ്റ്റര്‍, സര്‍വീസ് സ്റ്റാഫ് തസ്തികകള്‍ക്കാണ് ആയിരക്കണക്കിന് തൊഴിലന്വേഷകര്‍ വരി നിന്നിരുന്നത്. ഈ കാഴ്ചയും സാഹചര്യവും കാനഡയില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവര്‍ക്കിടയില്‍ വലിയ ആശങ്കയാണുണ്ടാക്കിയത്.
വിദ്യാഭ്യാസത്തിനോ ജോലിക്കോ വേണ്ടി കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീഡിയോ തുടക്കമിട്ടു.
ബ്രാംപ്ടണില്‍ തുറക്കുന്ന ഒരു പുതിയ റെസ്റ്റോറന്റിന്റെ പരസ്യത്തിന് ശേഷം വെയിറ്റര്‍, സേവകന്‍ ജോലികള്‍ക്കായി മൂവായിരം വിദ്യാര്‍ഥികള്‍ (മിക്കവാറും ഇന്ത്യക്കാര്‍) അണിനിരക്കുമ്പോള്‍ കാനഡയില്‍ നിന്നുള്ള ഭയാനകമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ട്രൂഡോയുടെ കാനഡയില്‍ വന്‍ തൊഴിലില്ലായ്മയാണായെന്നും വലിയ സ്വപ്നങ്ങളുമായി ഇന്ത്യ വിട്ട് കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ആത്മപരിശോധന നടത്തണമെന്നും മുന്നറിയിപ്പുയരുന്നു.
താന്‍ 12 മണിക്കെങ്കിലും ഇവിടെ എത്തിയിട്ടുണ്ടെന്നും വരി നീളമുള്ളതായിരുന്നുവെന്നും ഇന്റര്‍നെറ്റില്‍ അപേക്ഷയിടുകയും അഭിമുഖം നടത്തുമെന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ലെന്ന് വരി നിന്ന ഒരു വിദ്യാര്‍ഥി പറയുന്നുണ്ട്. കുറേയാളുകള്‍ ഉള്ളതിനാല്‍ ഇവിടെ തൊഴില്‍ സാധ്യതയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു. മറ്റൊരു വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തത് ഇത് വളരെ മോശമാണെന്നും എല്ലാവരും ജോലി അന്വേഷിക്കുന്നതുപോലെയാണെന്നും ആര്‍ക്കും ശരിയായി ജോലി ലഭിക്കുന്നില്ലെന്നുമാണ്. തന്റെ പല സുഹൃത്തുക്കള്‍ക്കും ഇപ്പോള്‍ ജോലിയില്ലെന്നും അവര്‍ രണ്ടോ മൂന്നോ വര്‍ഷങ്ങളായി ഇവിടെയുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു.
കഴിഞ്ഞ മാസം കനേഡിയന്‍ സര്‍ക്കാര്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച പഠനാനുമതികളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും കര്‍ശനമായ വിദേശ തൊഴിലാളി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ബാധിക്കുക.
ഈ വര്‍ഷം 35 ശതമാനം കുറച്ച് അന്താരാഷ്ട്ര വിദ്യാര്‍ഥി പെര്‍മിറ്റുകള്‍ നല്‍കുന്നുവെന്നും അടുത്ത വര്‍ഷം അത് 10 ശതമാനം കൂടി കുറയുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കുറിച്ചു. കുടിയേറ്റം സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമാണെങ്കിലും മോശമായ രീതിയില്‍ അത് ഉപയോഗപ്പെടുത്തുകയും വിദ്യാര്‍ഥികളെ മുതലെടുക്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ ആ രീതിയെ തകര്‍ക്കുമെന്നും അദ്ദേഹം കുറിച്ചു.