ഒട്ടാവ: കാനഡയ്ക്കുമേല്‍ 25 ശതമാനം കനത്ത തീരുവ ചുമത്തിയ യുഎസിലെ ട്രംപ് ഭരണകൂടത്തിന് തിരിച്ചടി നല്‍കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
യുഎസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും കനേഡിയന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കാനുമാണ് ട്രൂഡോയുടെ ആഹ്വാനം.
''ഇവിടെ കാനഡയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ലേബലുകള്‍ പരിശോധിക്കുക. നമുക്ക് നമ്മുടെ പങ്ക് നിര്‍വഹിക്കാം. നമുക്ക് കഴിയുന്നിടത്തെല്ലാം കാനഡ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക,'' ട്രൂഡോ ട്വീറ്റ് ചെയ്തു, അതേസമയം യുഎസില്‍ നിന്നുള്ള നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുകയും ചെയ്തു.
നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും പരിഹരിക്കുന്നതിന് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടിയുടെ ഭാഗമാണെന്നവകാശപ്പെട്ട് ശനിയാഴ്ച, കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു.
ട്രംപിന്റെ നടപടിക്കെതിരെ പ്രതികാര താരിഫുകള്‍ ഏര്‍പ്പെടുത്തി അതിവേഗം പ്രതികരിച്ച ട്രൂഡോ ഭരണകൂടം അമേരിക്കന്‍ നീക്കത്തെ ചെറുക്കുന്നതിന് കൂടുതല്‍ നടപടികള്‍ പരിഗണിക്കുകയും ചെയ്യുകയാണ്. മെക്‌സിക്കോയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര താരിഫ് ഏര്‍പ്പെടുത്തി. ഇതോടെ വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒരു വ്യാപാര യുദ്ധത്തിന്റെ സാധ്യത വര്‍ദ്ധിച്ചു.
വരും ദിവസങ്ങളില്‍ അമേരിക്കയ്ക്കെതിരെ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പ്രതികാര താരിഫുകളില്‍ നിന്ന് കനേഡിയന്‍ ബിസിനസുകള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനുള്ള ഒരു സംവിധാനം ഒരുക്കുമെന്ന് ഒട്ടാവ ഞായറാഴ്ച പ്രഖ്യാപിച്ചു. 'റിമിഷന്‍ പ്രക്രിയ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ പ്രകാരം, ചില നിബന്ധനകള്‍ പാലിക്കുന്നുണ്ടെങ്കില്‍, കനേഡിയന്‍ ബിസിനസുകള്‍ക്ക് താരിഫ് ഇളവിനോ റീഫണ്ടിനോ അപേക്ഷിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎസ് ഇതര സ്രോതസ്സുകളില്‍ നിന്ന് ആഭ്യന്തരമായോ ന്യായമായോ സാധനങ്ങള്‍ വാങ്ങാന്‍ പ്രയാസപ്പെടുന്ന കമ്പനികള്‍ക്ക് ആശ്വാസത്തിന് അര്‍ഹതയുണ്ടാകും. 'കനേഡിയന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്ന മറ്റ് അസാധാരണ സാഹചര്യങ്ങളില്‍' സര്‍ക്കാര്‍ ആശ്വാസം നല്‍കുന്ന കാര്യം പരിഗണിക്കും.
'അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അന്യായമായ യുഎസ് താരിഫുകള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, നമ്മുടെ സമ്പദ്വ്യവസ്ഥയെയും തൊഴിലാളികളെയും ഞങ്ങളുടെ ബിസിനസുകളെയും സംരക്ഷിക്കാനുള്ള നടപടികള്‍ നമ്മളും എടുക്കും. നമ്മള്‍ എപ്പോഴും കാനഡയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്,' കാനഡയുടെ ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
യുഎസ് പ്രഖ്യാപിച്ച താരിഫുകള്‍ കാനഡയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ബാധ്യതകളെ ലംഘിക്കുന്നുണ്ടെന്നും രാജ്യം നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും ഒരു മുതിര്‍ന്ന കനേഡിയന്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
കാനഡ പ്രഖ്യാപിച്ച പ്രതികാര താരിഫുകള്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആ ആഘാതം കുറയ്ക്കുന്നതിന് കനേഡിയന്‍ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തയ്യാറാക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് സംസാരിച്ച ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
യുഎസുമായുള്ള താരിഫ് യുദ്ധം നേരിടാന്‍ കാനഡയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങൂ; ജനങ്ങളോട് ജസ്റ്റിന്‍ ട്രൂഡോ