കാനഡയില്‍ അഭയം ഇനി എളുപ്പമാകില്ലെന്ന ആഗോള പരസ്യവുമായി ട്രൂഡോ സര്‍ക്കാര്‍

കാനഡയില്‍ അഭയം ഇനി എളുപ്പമാകില്ലെന്ന ആഗോള പരസ്യവുമായി ട്രൂഡോ സര്‍ക്കാര്‍


ടൊറന്റോ: ഇത്രയും കാലം അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്തിരുന്ന രാജ്യങ്ങളിലൊന്നായി അവതരിപ്പിച്ചിരുന്ന കാനഡ പുതിയ മുന്നറിയിപ്പ് പരസ്യ കാമ്പയിന്‍ ആരംഭിക്കുന്നു. പുതുതായി അഭയാര്‍ഥി ക്ലെയിം ഉന്നയിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ആഗോള ഓണ്‍ലൈന്‍ പരസ്യ കാമ്പയിനില്‍ വ്യക്തമാക്കുക. 

സ്പാനിഷ്, ഉര്‍ദു, യുക്രേനിയന്‍, ഹിന്ദി, തമിഴ് എന്നിവയുള്‍പ്പെടെ 11 ഭാഷകളിലാണ് മാര്‍ച്ച് വരെ 250,000 ഡോളറിന് പരസ്യം നല്‍കുന്നതെന്ന് ഇമിഗ്രേഷന്‍ വകുപ്പിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

കുടിയേറ്റം സംബന്ധിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്റിന്റെയും അഭയാര്‍ഥി ക്ലെയിമുകള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെയും സ്വരത്തിലെ മാറ്റത്തിന്റെ ഭാഗമാണിത്. 

ഉയര്‍ന്ന ഭവന വില അനുഭവപ്പെടുന്നതിന് കുടിയേറ്റക്കാരെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും  അതൊരു ലളിതമായ വിശദീകരണമാണെന്നാണ് ചില വിദഗ്ധര്‍ വാദിക്കുന്നത്. 

നാല് മാസത്തെ കാമ്പെയ്നിന് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ സമാനമായ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച മൊത്തം തുകയുടെ മൂന്നിലൊന്നാണ് ചെലവാകുക. 

കാനഡയില്‍ അഭയം തേടുന്നത് എളുപ്പമല്ല. യോഗ്യത നേടുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ അറിയേണ്ടതെന്തെന്ന് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ പരസ്യം പറയുന്നു. 

പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്ന സ്ഥലമായാണ് കാനഡ നേരത്തെ മുതല്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഭരണകര്‍ത്താക്കള്‍ കുടിയേറ്റം വെട്ടിക്കുറയ്ക്കുകയും താത്കാലിക താമസക്കാരെ ഒഴിവാക്കാനും യു എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ അഭയം തേടുന്നതില്‍ നിന്ന് തടയാനും ശ്രമിക്കുന്നു.

കാനഡയുടെ ഇമിഗ്രേഷന്‍ സംവിധാനത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെയും അത് വ്യാപിക്കുന്നത് ചെറുക്കുന്നതിനും അനധികൃത പ്രതിനിധികളുമായി പ്രവര്‍ത്തിക്കുന്നതിന്റെ അപകടസാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ പ്രവര്‍ത്തിക്കുന്നു,' ഒരു ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഇ-മെയിലില്‍ എഴുതി.

വര്‍ധിച്ചുവരുന്ന ആഗോള കുടിയൊഴിപ്പിക്കലിനിടയില്‍ കാനഡയുടെ അഭയാര്‍ഥി സംവിധാനം 260,000 കേസ് ബാക്ക്ലോഗ് അഭിമുഖീകരിക്കുന്നു. ആരാണ് അഭയം തേടുന്നതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിയന്ത്രണങ്ങളൊന്നുമില്ല. 

വിസയുടെ കാലാവധി തീരുമ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്വയം രാജ്യം വിടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ അവരെ നാടുകടത്തുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഭീഷണിപ്പെടുത്തി.

2017 ജനുവരിയില്‍ ട്രംപ് അധികാരമേറ്റപ്പോള്‍ ട്രൂഡോ ട്വീറ്റ് ചെയ്തത് പീഡനം, ഭീകരത, യുദ്ധം എന്നിവയെ തുടര്‍ന്ന് പലായനം ചെയ്യുന്നവര്‍ക്ക് വിശ്വാസം പരിഗണിക്കാതെ കാനഡ സ്വാഗതം ചെയ്യുമെന്നും വൈവിധ്യമാണ് ഞങ്ങളുടെ ശക്തിയെന്നുമായിരുന്നു. വെല്‍ക്കം ടു കാനഡ എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും ചെയ്തു. 

കഴിഞ്ഞ മാസം ലിബറല്‍ സര്‍ക്കാര്‍ സ്ഥിരവും താത്ക്കാലികവുമായ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തേക്ക് ജനസംഖ്യ അല്‍പമെങ്കിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അഭയത്തിനായി അപേക്ഷിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള പരസ്യ പ്രചാരണങ്ങള്‍ ഉപയോഗപ്രദമാകുമെന്ന് ഒട്ടാവ സര്‍വകലാശാലയിലെ നിയമ പ്രൊഫസറും ഇമിഗ്രേഷന്‍ വിദഗ്ധനുമായ ജാമി ചായ് യുന്‍ ലിയു പറഞ്ഞു.

അതേസമയം നിങ്ങളെ കാനഡ സ്വാഗതം ചെയ്യുന്നില്ല എന്നാണ് പറയുന്നതെങ്കില്‍ അത് മുന്‍കാല സമീപനത്തിന് വിരുദ്ധമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

കാനഡയില്‍ അഭയം ഇനി എളുപ്പമാകില്ലെന്ന ആഗോള പരസ്യവുമായി ട്രൂഡോ സര്‍ക്കാര്‍