ട്രൂഡോയുടെ സമയം മാറുകയാണോ? ഫ്രീലാന്‍ഡിന്റെ രാജിക്ക് പിന്നാലെ കലാപവുമായി ഡസന്‍ കണക്കിന് ലിബറല്‍ എംപിമാര്‍

ട്രൂഡോയുടെ സമയം മാറുകയാണോ? ഫ്രീലാന്‍ഡിന്റെ രാജിക്ക് പിന്നാലെ കലാപവുമായി ഡസന്‍ കണക്കിന് ലിബറല്‍ എംപിമാര്‍


ഒട്ടാവ:  കഴിഞ്ഞയാഴ്ച ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ ഞെട്ടിക്കുന്ന രാജിക്ക് ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് തന്റെ പ്രധാന ലിബറല്‍ സഖ്യകക്ഷികള്‍ക്കിടയിലെ പിന്തുണ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്.

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള ഒന്റാറിയോ പ്രവിശ്യയില്‍ നിന്നുള്ള 51 എംപിമാരെങ്കിലും അടുത്തിടെ വെര്‍ച്വല്‍ ആയി കൂടിക്കാഴ്ച നടത്തുകയും ട്രൂഡോയെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നാണ് കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനും ടൊറന്റോ സ്റ്റാറും ഉള്‍പ്പെടെ നിരവധി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലിബറല്‍ പാര്‍ട്ടിയുടെ ഒന്റാറിയോ ചാപ്റ്ററില്‍ 75 അംഗങ്ങളാണുള്ളത. പ്രവിശ്യയിലെ പിന്തുണ കുറയുന്നത് പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കും.

ഫ്രീലാന്‍ഡ് രാജിവെച്ചതോടെ അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ട അവസ്ഥയിലാണ് ട്രൂഡോ.

ട്രൂഡോയുടെ നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി മാസങ്ങളായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഫ്രീലാന്‍ഡിന്റെ പരുഷമായ പിന്‍വാങ്ങല്‍ കനേഡിയന്‍ നേതാവിന് അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തിച്ചതിനു തുല്യമാണ്. ഒരാഴ്ചയ്ക്കുള്ളില്‍, കുറഞ്ഞത് 21 ലിബറല്‍ എംപിമാര്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഒന്റാറിയോ എംപിമാരാരും ട്രൂഡോയെ  പിന്തുണച്ചിട്ടില്ലെന്ന് ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

പരസ്യമായി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും' ട്രൂഡോ രാജിവയ്ക്കണമെന്നാണ് 'ബഹുഭൂരിപക്ഷം' എംപിമാരും ആഗ്രഹിക്കുന്നതെന്ന് ക്യൂബെക്ക് ലിബറല്‍ എംപി ആന്റണി ഹൗസ്ഫാദറിനെ ഉദ്ധരിച്ച് കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപില്‍ നിന്നുള്ള താരിഫ് ഭീഷണിയെക്കുറിച്ചുള്ള കാനഡയുടെ പ്രതികരണത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് ഫ്രീലാന്‍ഡ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

ട്രംപിന്റെ 'അമേരിക്ക ആദ്യം' എന്ന സാമ്പത്തിക ദേശീയതയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ്  ഡിസംബര്‍ 16ന് അവര്‍ രാജി സമര്‍പ്പിച്ചത്.

ഫ്രീലാന്‍ഡിന്റെ പിന്മാറ്റം ഒട്ടാവയില്‍ അരാജകത്വത്തിന് കാരണമായി, നിരവധി ലിബറല്‍ നേതാക്കള്‍ മുന്‍ ഉപപ്രധാനമന്ത്രിയോട് നേതൃത്വപരമായ പങ്ക് ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അവധി ദിവസങ്ങള്‍ക്ക് ശേഷം ജനുവരിയില്‍ ഹൗസ് ഓഫ് കോമണ്‍സ് പുനരാരംഭിച്ചുകഴിഞ്ഞാല്‍ ലിബറല്‍ നേതാവിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ട്രൂഡോയുടെ മുന്‍ രാഷ്ട്രീയ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജഗ്മീത് സിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നീക്കം വസന്തകാലത്ത് കാനഡയെ ഒരു പൊതുതെരഞ്ഞെടുപ്പിലേക്കാവും എത്തിക്കുക.



ട്രൂഡോയുടെ സമയം മാറുകയാണോ? ഫ്രീലാന്‍ഡിന്റെ രാജിക്ക് പിന്നാലെ കലാപവുമായി ഡസന്‍ കണക്കിന് ലിബറല്‍ എംപിമാര്‍