വടക്കേ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍: എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ആശങ്ക രേഖപ്പെടുത്തി

വടക്കേ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍: എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ആശങ്ക രേഖപ്പെടുത്തി


ഹൂസ്റ്റണ്‍: മതേരത്വ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷമായ   ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍  ആശങ്കാജനകമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യവും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നതുമാണ്. എന്നാല്‍ അടുത്ത നാളുകളായി വടക്കേ ഇന്ത്യയില്‍ ക്രൈസ്തവ വിഭാഗത്തില്‍ പെടുന്നവരെ അകാരണമായി അക്രമിക്കുന്നതും ഉപദ്രവിക്കുന്നതും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതും വര്‍ധിച്ചു വരുന്നു. അടുത്തയിടെ ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി 9 ദിവസം ജയിലില്‍ അടച്ചു. പൊലീസ് അധികാരികളുടെ മുന്‍പില്‍ വച്ച് ക്രൈസ്തവരായ ആളുകളെ തദ്ദേശവാസികള്‍ മര്‍ദ്ദിക്കുന്നതും നാം കണ്ടു കഴിഞ്ഞു. ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളില്‍ ഐസിഇസിഎച്ച് സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ആശങ്ക പങ്കുവച്ചു. 

കേന്ദ്ര ഗവണ്‍മെന്റും ഛത്തീസ്ഗഡ് ഗവണ്‍മെന്റും ക്രൈസ്തവര്‍ക്ക് എതിരെ നടത്തുന്ന അക്രമപ്രവര്‍ത്തങ്ങളെ കണ്ടില്ലെന്നു നടിക്കരുതെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി ക്രൈസ്തവര്‍ക്കും ലഭിക്കണമെന്നും ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ  നിയമപരമായ നടപടികള്‍ എടുക്കണമെന്നും  പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഭയാശങ്കകള്‍ ഇല്ലാതെ ക്രൈസ്തവരെ ജീവിക്കാന്‍ അനുവദിക്കണെമെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രമേയത്തില്‍ കൂടി അധികാരികളോട് അഭ്യര്‍ഥിച്ചു.

സെക്രട്ടറി ഷാജന്‍ ജോര്‍ജ് പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി.  

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കമ്മ്യൂണിറ്റി  ഓഫ് ഹുസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് നാലിന് സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക  ദേവാലയത്തില്‍ നടത്തിയ പ്രതിഷേധ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു.

യോഗത്തില്‍ ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു. റവ. ഫാ. രാജേഷ് കെ ജോണിന്റെ പ്രാരംഭ പ്രാര്‍ഥനക്കു ശേഷം റവ. ഫാ ഡോ. ബെന്നി ഫിലിപ്പ്  സ്വാഗതപ്രസംഗം നടത്തി. ഫാന്‍സി മോള്‍  പള്ളത്തു മഠം വേദഭാഗം വായിച്ചു. സ്റ്റാഫോഡ് സിറ്റി  മേയര്‍ കെന്‍ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി  ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വത്തിനുള്ള പ്രാധാന്യത്തെ പ്രത്യേകം  വരച്ചു കാട്ടി.

റവ. ഫാ. ഡോ. വറുഗീസ് വര്‍ഗീസ്, റവ. ഡോ. ജോസഫ് ജോണ്‍, റവ. ദീബു എബി ജോണ്‍, റവ. ഡോ. ജോബി മാത്യു, റവ. ഫാ. സജീവ്  മാത്യു, റവ. ഫാ. എം ജെ ഡാനിയേല്‍, റവ. ഫാ. ജെക്കു  സക്കറിയ, റവ. ഫാ ജോണ്‍സന്‍ പുഞ്ചക്കോണം, റവ. ഫാ. ടെജി എബ്രഹാം, സിസ്റ്റര്‍ ശാന്തി, സുജിത്  ചാക്കോ (ട്രഷറര്‍ മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹുസ്റ്റന്‍) തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.    

ഐസിഇസിഎച്ച് ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു. റവ. ജീവന്‍  ജോണ്‍ സമാപന പ്രാര്‍ഥന നടത്തി.   ഐസിഇസിഎച്ച് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജോണ്‍സന്‍  ഉമ്മന്‍, നൈനാന്‍ വീട്ടീനാല്‍, ഡോ. അന്ന ഫിലിപ്പ്,  ജിനു തോമസ്, ഹുസ്റ്റനിലെ ഇരുപതു ഇടവകകളില്‍  നിന്നുള്ള പ്രതിനിധികളും മറ്റു സാമൂഹ്യ  പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.