മിനസോട്ട: അമേരിക്കന്‍ മണ്ണില്‍ ശബരിമലയുടെ ഓര്‍മ്മകളുണര്‍ത്തി മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തില്‍ നടന്ന അയ്യപ്പ പടിപൂജയും പതിനെട്ടാം പടിയുടെ വെള്ളി കവച സമര്‍പ്പണവും മലയാളി ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കി. ചടങ്ങില്‍ മിനസോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി അയ്യപ്പ ഭക്തര്‍ പങ്കെടുത്തു. കേരളത്തിലെ ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പടിപൂജ. പതിനെട്ട് പടികള്‍ക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തപ്പെടുന്ന ഈ ചടങ്ങ് മിനസോട്ട ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയില്‍ യഥാവിധി പുനഃസൃഷ്ടിക്കപ്പെട്ടപ്പോള്‍ വിശ്വാസികള്‍ക്ക് ഭക്തിസാന്ദ്രമായ അനുഭവമായി.
ക്ഷേത്രത്തിലെ മുഖ്യശാന്തി മുരളി ഭട്ടരുടെയും മറ്റ് പൂജാരിമാരുടെയും നേതൃത്വത്തില്‍ പ്രത്യേകമായി അലങ്കരിച്ച പതിനെട്ട് പടികളില്‍ മന്ത്രോച്ചാരണങ്ങളോടെ പൂജകള്‍ നടന്നു. രാമനാഥന്‍ അയ്യരും ലീലാ രാമനാഥനും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഓരോ പടികളെയും മനോഹരമായി പുഷ്പങ്ങള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. ഭക്തിയുടെ പ്രഭ ചൊരിഞ്ഞ ഈ ദൃശ്യം ഭക്തര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. പടിപൂജക്ക് ശേഷം ലീലാ രാമനാഥനും സംഘവും ഭക്തിസാന്ദ്രമായ ഭജനയും നടത്തി. തുടര്‍ന്ന് എല്ലാ ഭക്തര്‍ക്കും പ്രസാദ വിതരണവും ഒരുക്കിയിരുന്നു.