ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ശ്വാന പ്രദര്‍ശനവും മത്സരവും ശ്രദ്ധേയമായി. അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിച്ചത്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തിലും മല്‍സരത്തിലും പത്ത് നായ്ക്കുട്ടികള്‍ പങ്കെടുത്തു.
ഡോഗ് ഷോ 2025 പ്രശസ്ത വെറ്ററിനറി ഡോക്ടറും ഈ രംഗത്ത് നാല്പതില്‍പരം വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഡോ. ലൂക്ക് വട്ടമറ്റം ഉദ്ഘാടനം ചെയ്തു. നായകളും നമ്മെപ്പോലെ സാമൂഹിക ജീവികളാണെന്നും അവരുടെ വിശ്വസ്തതയും സ്‌നേഹവും കൂറും അളക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ജെസ്സി റിന്‍സി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫോമാ ആര്‍ വി പി ജോണ്‍സന്‍ കണ്ണൂക്കാടന്‍, അസോസിയേഷന്‍ പി ആര്‍ ഓ ബിജു മുണ്ടക്കല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, വര്‍ഗീസ് തോമസ് എന്നിവര്‍ സംസാരിച്ചു. ഡോ. സൂസന്‍ ചാക്കോ, ആഗ്നസ് തോമസ്, ജോസ് മണക്കാട്ട്, സിബില്‍ ഫിലിപ്പ് എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.
ബിജു വാക്കേലിന്റെ ഡ്യൂക്ക് എന്ന നായ്ക്കുട്ടി ഒന്നാം സ്ഥാനവും എബ്രഹാം ജോര്‍ജിന്റെ ജിമ്മി രണ്ടാം സ്ഥാനവും ടോമി ഫിലിപ്പിന്റെ പ്രിന്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ മത്സരാര്‍ഥികള്‍ക്കും ബാഡ്ജുകളും സമ്മാനിച്ചു.